മലയാളത്തിലെ ശ്രദ്ധേയമായ സാഹിത്യശാഖയാണ് ചെറുകഥ. വൈവിധ്യവും ശ്രദ്ധേയവുമായ ധാരാളം ചെറുകഥകളാല്‍ സമ്പന്നമാണ് മലയാളചെറുകഥാ സാഹിത്യം. ആദ്യകാലം മുതല്ക്കുള്ള കഥകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. മലയാള ചെറുകഥ പല ഘട്ടങ്ങളിലൂടെ കടന്ന് ഇന്ന് ഏറ്റവും പുതിയ ജീവിതാവസ്ഥകളെയും മാധ്യമസ്വാധീനത്തെയും വരെ ചിത്രീകരിക്കുന്ന കാലികാവസ്ഥയില്‍ എത്തിനില്‍ക്കുന്നു. ഓരോ കാലഘട്ടത്തിലും സാഹിത്യകൃതികള്‍ ആവിഷ്കരിക്കപ്പെടുമ്പോള്‍ അവയില്‍ സാമൂഹികതയുടെ സ്വാധീനം പ്രകടമാണ്.
വര്‍ത്തമാനകാല സംഭവങ്ങളും ചരിത്രവും എല്ലാം ഉള്‍പ്പെടുത്തി ധാരാളം ചെറുകഥകള്‍ ഉണ്ടായിട്ടുണ്ട്. സമൂഹത്തിന്റെ പൊതുമണ്ഡലങ്ങളിലേക്കാണ് ചെറുകഥകളുടെ ദൃഷ്ടി പതിയുന്നത്. ആധുനിക കഥകളിലെ വര്‍ദ്ധിച്ചുവന്ന സാമൂഹികത പഴയ സാമൂഹിക പ്രതിജ്ഞാബന്ധതയുടെ രൂപത്തിലല്ല പ്രകടമാകുന്നത്. സൂക്ഷ്മമായ രാഷ്ട്രീയ വിവേകം, സംസ്കാരവിമര്ശനത്വര, പ്രാദേശിക സ്വത്വത്തെ സാക്ഷാത്കരിക്കാനുള്ള വ്യഗ്രത, സ്ത്രീപക്ഷാഭിമുഖ്യം, പാരിസ്ഥിതികാവബോധം, നൈതികജാഗ്രത എന്നിങ്ങനെ ബഹുമുഖമായി അത് വികസിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ മിക്ക കഥകളും നാം ജീവിച്ചുപോരുന്ന സവിശേഷമായ അവസ്ഥയോടുള്ള പ്രതികരണങ്ങളാണ്.
സ്ത്രീയുടെ അവസ്ഥയും പ്രശ്നങ്ങളും ഏറ്റവും നന്നായി മനസ്സിലാക്കുന്ന കഥാകാരികളാണ് മലയാളത്തിനുള്ളത്. സ്ത്രീരചനകളിലെ പെണ്മയുടെ അന്വേഷണവും കലാപവും സവിശേഷമായ ഒരു സംവേദനത്തിന് തുടക്കം കുറിച്ചു. അവിടെ പെണ്ണിന്റെ അസ്തിത്വ പ്രശ്നങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളുണ്ടായി.
മീരയും സമകാലീന എഴുത്തുകാരും
മീരയുടെ സമകാലീനരായ എഴുത്തുകാരാണ് എം. പി പവിത്ര, ഇന്ദുമേനോന്, രേഖ. കെ എന്നിവര്‍. ഇവരെക്കൂടാതെ രവി, ഉണ്ണി. ആര്, ജോര്‍ജ് ജോസഫ് കെ, അക്ബര്‍ കക്കട്ടില്‍, പി. ജെ.ജെ ആന്റണി, ഇ. സന്തോഷ്കുമാര്‍, കെ. പി.നിര്‍മ്മല്‍കുമാര്‍, എം. കെ ഹരികുമാര്‍, ബി. മുരളി, വി. ആര് സുധീഷ്, കെ. കെ. ഹിരണ്യന് എന്നിവരും പ്രധാന എഴുത്തുകാരാണ്.
പവിത്രയുടെ വിശ്വാസങ്ങള്‍, വെളുത്ത ചതുരങ്ങള്‍ എന്നിവ പ്രധാന കഥകളാണ്. ഇന്ദുവിന്റെ ചെറ്റ, യോഷിത ഉറക്കങ്ങള്‍, ലെസ്ബിയന്‍ പശു എന്നിവയും രേഖയുടെ ആരുടെയോ ഒരു സഖാവ് (അന്തിക്കാട്ടുകാരി) എന്നിവയും ശ്രദ്ധേയമാണ്. രവിയുടെ സ്വകാര്യഭാഷയില് ഒരു കാതല്‍ കടിതം, ഉണ്ണി. ആറിന്റെ ആയുധമെഴുത്ത്, ജോര്‍ജ് ജോസഫ് കെയുടെ നടുങ്ങുവിന്‍ പാപം ചെയ്യാതിരിപ്പിന്‍, അക്ബര്‍ കക്കട്ടിലിന്റെ സമകാലിന മലയാളം, പി. ജെ. ജെ ആന്റണിയുടെ ജഡപുരുഷനും ഒരു ഹോംനേഴ്സിന്റെ അതിചിന്തകളും, ഇ. സന്തോഷ്കുമാറിന്റെ മീനുകള്‍, പി. എസ് റഫീഖിന്റെ ഗുജറാത്ത് എന്നീ കഥകളും ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ കഥകളാണ്.
"മലയാള കഥയ്ക്കു ആധുനികതകള്‍ കണ്ടെത്തികൊണ്ടിരിക്കുന്ന വിരലിലെണ്ണാവുന്ന എഴുത്തുകാരിലൊരാളാണ് മീര. തന്റെ കഥകളോരോന്നിലും മീര തന്റെ ഭാഷയെയും അവബോധത്തെയും സമീപനത്തെയും പുനര്‍ജനിപ്പിക്കുന്നു." പടിയിറങ്ങിപ്പോയ പാര്‍വ്വതി, പാറ, എന്നീ കഥകളിലൂടെ സ്ത്രീയുടെ സഹനവും ചെറുത്തുനില്പും സര്‍ഗാത്മകമായി ആവിഷ്കരിച്ച ഗ്രേസി, സ്ത്രീമനസ്സിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി ആലേഖനം ചെയ്യുന്ന അഷിത, മാനസി, ചന്ദ്രമതി, നളിനി ബേക്കല്‍, ബി. എം. സുഹറ, എം. ടി രത്നമ്മ, അന്തരിച്ച ഗീത ഹിരണ്യന് എന്നിങ്ങനെ ഒരുപാടുപേര് മലയാളകഥയുടെ പെണ്‍വഴികളില്‍ ഉണ്ട്. സിതാര. എസ്, ഇന്ദുമേനോന്, കെ. ആര്. മീര, പ്രിയ. എ. എസ്, രേഖ. കെ ഇങ്ങനെ കഥാരംഗത്തു പേരെടുത്ത ഏറ്റവും പുതിയ തലമുറയും ധീരമായ പ്രമേയങ്ങളും നടപ്പുകാലത്തിന്റെ ആകുലതകളുടെ സമര്‍ത്ഥമായ പരിചരണവുംകൊണ്ട് ആസ്വാദകശ്രദ്ധയും നിരൂപകപ്രശംസയും നേടുന്നു. സഹീറാ തങ്ങള്‍, ഷഹീറ നസീര്‍, റീജ സന്തോഷ് ഖാന്, ഷക്കീല വഹാബ്, ഷീല രാമചന്ദ്രന് എന്നീ പ്രവാസി എഴുത്തുകാരികള്‍ കേരളത്തിനുപുറത്തും മലയാളത്തിന്റെ പെണ്‍ശബ്ദം കേള്‍പ്പിക്കുന്നവരാണ്.
പുതിയ തലമുറയിലെ ശ്രദ്ധേയയായ കഥാകാരിയാണ് കെ. ആര് മീര. കെ. ആര് മീര കഥയില്‍നിന്നും കഥയിലേക്ക് തന്നെത്തന്നെ പൊളിച്ചടുക്കുന്ന എഴുത്തുകാരിയായാണ് എനിക്ക് അനുഭവപ്പെടുന്നത്
-സക്കറിയ
മലയാള കഥയ്ക്കു ആധുനികതകള്‍ കണ്ടെത്തികൊണ്ടിരിക്കുന്ന വിരലിലെണ്ണാവുന്ന എഴുത്തുകാരിലൊരാളാണ് മീര. തന്റെ കഥകളോരോന്നിലും മീര തന്റെ ഭാഷയെയും അവബോധത്തെയും സമീപനത്തെയും പുനര്‍ജനിപ്പിക്കുന്നു. പുതിയ തലമുറയുടെ പ്രതിനിധിയായ മീര അറിഞ്ഞോ അറിയാതെയോ എഴുത്തിന്റെ ഈ അപകടമേഖലയില്‍ നിന്നു വിമോചിതയാണ് എന്ന് മീരയുടെ കഥകള്‍ പറയുന്നു. മീരയുടെ കഥകളോരോന്നും ഭാഷാപരമായും ശില്പപരമായും സ്വന്തവും വ്യത്യസ്തവുമായ ലോകത്തിലാണ് നിലകൊള്ളുന്നത്. മീരയുടെ കഥാപാത്രങ്ങളും പ്രമേയവും സ്ഥിതിചെയ്യുന്നതു പരസ്പരം പ്രതിഫലിപ്പിക്കുന്ന ആഖ്യാനങ്ങളുടെ കണ്ണാടിമാളികയിലല്ല, മറിച്ച് സ്വതന്ത്രഭ്രമണപഥങ്ങളില് തിരിയുന്ന വ്യത്യസ്ത ഭാവനാഗ്രഹങ്ങളിലാണ്. എഴുത്തുകാരിയും തൂലികയും ഒന്നുതന്നെയാണെങ്കിലും കയ്യൊപ്പുകള്‍ മാറിക്കൊണ്ടിരിക്കുന്നു. എഴുത്തുകാരിയുടെ മൗലികതയുടെ മുഖമുദ്രകളിലൊന്നാണ് ഈ ആള്‍മാറാട്ടം.
എന്നാല്‍ അവരുടെ ഈ കഥകളെയെല്ലാം സ്പര്‍ശിക്കുന്ന സമീപന പ്രത്യേകതകളുണ്ട്. അതായത് അവ ഭാഷയോടും ജീവിതത്തോടും എഴുത്തിനോടുമുള്ള എഴുത്തുകാരിയുടെ അടിസ്ഥാന നിലപാടുകളില്‍ നിന്നുമാണ് ജനിക്കുന്നത്. അതില്‍ പ്രധാനമായി വരുന്നത് നര്‍മ്മബോധവും ഐറണിയുമാണ്. ജീവിതത്തെ യാഥാസ്ഥിതികമായ പേശുവലിവുകളില്ലാതെ തികച്ചും അപ്രതീക്ഷിതങ്ങളായ കോണുകളില്‍ നിന്നു വായിക്കാനുള്ള സന്നദ്ധതയാണ് എല്ലാം നര്‍മ്മത്തിലൂടെയും പ്രകാശിക്കുന്നത്. അതോടൊപ്പം തന്നെ നര്‍മ്മത്തിനു പിന്നില്‍ സമകാലീനവും ചരിത്രപരവുമായ ബുദ്ധികൂര്‍മ്മതയും പ്രവര്‍ത്തിക്കുന്നുണ്ട്.
"മീരയുടെ കഥകളില്‍ പാരമ്പര്യം പ്രതിദ്ധ്വനിയായല്ല മറിച്ച് എതിര്‍ധ്വനിയായാണ് പ്രത്യക്ഷപ്പെടുന്നത്." മലയാളത്തിലെ എഴുത്തുകാരില്‍ പൊതുവേ നര്‍മ്മം വിരളമാണ്. ഐറണി, ചരിത്രത്തോടും സമകാലീനതയോടും പരമ്പതാഗത വിധിന്യായങ്ങളോടുമുള്ള വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. പതിഞ്ഞ ധ്വനികളിലൂടെ അതിനു സങ്കീര്‍ണ്ണമായ ദുരന്തങ്ങളെവരെ അടയാളപ്പെടുത്താന്‍ കഴിയും. മീരയുടെ എഴുത്ത് നര്‍മ്മത്തെയും ഐറണിയെയും ഒരുപോലെ ചാതുര്യത്തോടെ ഉള്‍കൊള്ളുന്നുണ്ട്. മീരയുടെ കഥകളിലെ പ്രതിരോധത്തിന്റെ ഘടകങ്ങളാണിവ.
അലിഖിതമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന പുരുഷമേധാവിത്വ ധര്‍മ്മശാസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ പരക്കെ യാഥാസ്ഥിതികത്വവും പാരമ്പര്യവാദവും അടിയുറപ്പിച്ചു നില്ക്കുന്ന കേരളത്തില്‍ ജീവിക്കുകയും പ്രവര്ത്തിയെടുക്കുകയും ചെയ്യുന്ന ബോധവതിയായ ഒരു യുവതിക്കു പ്രതിരോധം നിരന്തരസഖാവാണ്. മീരയുടെ കഥകളിലെ സമര്‍ത്ഥവും സൂക്ഷ്മവുമായ പ്രതിരോധം സ്ത്രീയുടെ പരാതിപ്പെടലുകളല്ല. മറിച്ച് അത് സ്ത്രീയുടെ അവസ്ഥയുടെ പ്രതിഭാപൂര്‍ണ്ണമായ അപനിര്‍മ്മാണമാണ്. മീരയുടെ കഥകള്‍ സ്ത്രീവാദത്തിന്റെ നിശ്ചിതമായ ആയുധമോ ഉപകരണമോ ആയി പരിണമിച്ചിരുന്നെങ്കില്‍, ആ പരിമിതികളില്‍ അവ തീര്‍ച്ചയായും കുടുങ്ങിപ്പോകുമായിരുന്നു. മറിച്ച് അവ ആ അവബോധത്തെ തങ്ങളുടെ സൗന്ദര്യശാസ്ത്രത്തിന്റെയും കലാപത്തിന്റെയും ഭാഗമാക്കിക്കൊണ്ട് ഉയരുകയാണ് ചെയ്യുന്നത്.
മീരയുടെ കഥാലോകത്തെ സ്ത്രീയുടേത് എന്ന മുന്‍വിധിയോടെ നോക്കികാണാനുള്ള പ്രവണത ഉണ്ടായേക്കാവുന്നതാണ്. അത് ഓരോ എഴുത്തുകാരിയും നേരിടുന്ന ഭീഷണി അഥവാ ഒരു വെല്ലുവിളിയാണ്. മീരയുടെ കഥകള്‍ സ്ത്രീപുരുഷ ദ്വന്ദങ്ങള്‍ക്കപ്പുറത്ത്, മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തിന്റെ മേഖലയില്‍ സ്ഥിതിചെയ്യുന്നവയാണ്. ബഷീറിന്റെയോ ആനന്ദിന്റെയോ കഥകളെ നാം പുരുഷന്റേത് എന്നു വിളിക്കാറില്ല. കാരണം മലയാളികളുടെ പുരുഷമേധാവിത്വലോകത്തില് പുരുഷനു ചൂണ്ടുപലകകളുടെ ആവശ്യമില്ല, മറിച്ച് അതിന്റെ ആവശ്യം സ്ത്രീകള്‍ക്ക് മാത്രമേയുള്ളു. എന്നാല്‍ മീരയ്ക്കു ചൂണ്ടുപലകകള്ക്കപ്പുറത്ത് നിലയുറപ്പിക്കാന്‍ കഴിഞ്ഞിരുന്നു.
മീരയുടെ എഴുത്ത്, സ്ത്രീയ്ക്ക് പ്രത്യേകമായി സ്വീകരിക്കേണ്ടി വരുന്ന പ്രതിരോധങ്ങള്‍ ഉള്‍കൊള്ളുന്നുണ്ട്. എങ്കിലും ആത്യന്തികമായി അതു പ്രകടിപ്പിക്കുന്നത് എല്ലാ നല്ല എഴുത്തും നിര്‍മ്മിക്കുന്ന പ്രതിരോധങ്ങള്‍ തന്നെയാണ്- പാരമ്പര്യത്തോടും, ഭാഷാപരവും മാനുഷികബന്ധപരവുമായ ക്ലീഷേകളോടും, യാഥാസ്ഥിതികത്വത്തോടുമെല്ലാമുള്ള കലാപങ്ങള്‍ അട്ടിമറിയായിത്തീരുകയാണ്. എന്നാല്‍ അത് വിപ്ലവാഹ്വാനങ്ങളിലൂടെയോ താത്വികപ്രചാരണങ്ങളിലൂടെയോ ആവണമെന്നില്ല. ഭാഷയിലും ഭാവുകത്വത്തിലും ബന്ധനിര്വ്വചനങ്ങളിലും ആഖ്യാനശീലങ്ങളിലും വരുത്തുന്ന, സൂക്ഷ്മവും, പലപ്പോഴും അടിയൊഴുക്കിന്റെ മാത്രം തലത്തിലുള്ളതുമായ, അട്ടിമറിയിലൂടെയാണ് എഴുത്തുകാരന് കലയിലൂടെയും സമൂഹത്തിന്റെയും നിശ്ചലാവസ്ഥയെ അതിജീവിക്കുന്നത്. മീര സമര്‍ത്ഥമായും സുന്ദരമായും പരമ്പതാഗത പെണ്ണെഴുത്തിനെയും ആണെഴുത്തിനെയും അട്ടിമറിക്കുന്നു.
"ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു കൊണ്ടുപോയി ആവിഷ്കരിക്കുവാന്‍ മീരയ്ക്കു കഴിയുന്നുണ്ട്. യൗവനകാലം തന്നെ ഇരുത്തം വന്ന ഒരു എഴുത്തുകാരിയാണ് മീര. അതുകൊണ്ടാണ് ഭാഷയില്‍ യൗവനം സൂക്ഷിക്കുമ്പോഴും മീരയുടെ കഥാപാത്രങ്ങള്‍ സ്വന്തം യൗവനത്തില്‍ നിന്നു കുതറിമാറുവാന്‍ ശ്രമിക്കുന്നത്." പാരമ്പര്യത്തെ തലയിലേറ്റി പൂജിക്കാതെ വളമായി കാല്ച്ചുവട്ടില് ചവിട്ടിക്കുഴയ്ക്കാനുള്ള ശേഷി ഇതിന്റെ ഭാഗമാണ്. അപ്പോള്‍ മാത്രമാണ് പാരമ്പര്യം ഊര്‍ജ്ജമായി മാറുന്നത്. മീരയുടെ കഥകളില്‍ പാരമ്പര്യം പ്രതിദ്ധ്വനിയായല്ല മറിച്ച് എതിര്‍ധ്വനിയായാണ് പ്രത്യക്ഷപ്പെടുന്നത്. മുഖ്യധാര പുരുഷ എഴുത്തുകാരില്‍ അധികം പേരെയും പേടിച്ചു വിറപ്പിക്കുന്ന ഒരു മേഖലയാണ് ലൈംഗീകത. ആ അടിസ്ഥാന ജീവിതാവാസ്തവത്തിനു മുന്നില്‍ അവരുടെ പേനകളിലെ മഷി വറ്റുന്നു. എന്നാല്‍ മീര തന്റെ കഥകളില്‍ ലൈംഗികതയെ ആര്‍ജ്ജവത്തോടെയും പരിഭ്രമമെന്ന്യയും ഫലിതപാടവത്തോടെയും അഭിമുഖീകരിക്കുന്നു.
മുഖ്യധാരപുരുഷസാഹിത്യ പാരമ്പര്യം ശൃംഗാരത്തെയും ക്ലീഷേ-ഭരിതപ്രേമത്തെയും ആണ് ലൈംഗികതയ്ക്ക് പകരമായി വെച്ചത്. എന്നാല്‍ ആ പാരമ്പര്യത്തെ സുന്ദരമായി തലകുത്തി നിര്‍ത്താന്‍ മീരയ്ക്ക് കഴിയുന്നുണ്ട്. ലളിതവും നേരിട്ടു സംവദിക്കുന്നതുമായ ഗദ്യമാണ് മീര എഴുതുന്നത്. (സക്കറിയ, 2006: 8-10)
മീരയുടെ കഥകള്‍ പൂരം പോലെയാണ് എന്ന് പുനത്തില്‍ കുഞ്ഞുബ്ദുള്ള അഭിപ്രായപ്പെടുന്നു. മീരയുടെ മിക്ക കഥകളും ശ്രേണീഗതമല്ല, മറിച്ച് വ്യക്തിഗതമാണ് വ്യക്തിശബ്ദം പല അര്‍ത്ഥത്തിലും കഥകളില്‍ ഉപയോഗിച്ചിട്ടുണ്ട്. ലോകത്തുള്ള ഏതൊക്കെ പദാര്‍ത്ഥങ്ങളാണോ കഥയില്‍ വന്നു ഭവിക്കുന്നത് അവയെല്ലാം വ്യക്തികളാണ്. മീരയുടെ കഥകള്‍ കല്ക്കരിപോലെയല്ല; സ്ഥടികം പോലെയാണ്. (പുനത്തില്‍, 2002:8-10)
ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കു കൊണ്ടുപോയി ആവിഷ്കരിക്കുവാന്‍ മീരയ്ക്കു കഴിയുന്നുണ്ട്. ഏതുകാലത്തേയും കഥകളിലൂടെ നേരിടുകയാണ് ആ കഥാകാരി ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മുടെ കഥാസാഹിത്യത്തിന്റെ യൗവനമാണ് മീരയുടെ കഥകള്‍. യൗവനത്തിന്റെ കൂസലില്ലായ്മയും ധിക്കാരവും എല്ലാം മീരയുടെ കഥകളില്‍ പ്രകടമാണ്. എഴുത്തുകാര്‍ക്ക് അവരുടെ ചെറുപ്പകാലം മാത്രം എത്തിപ്പിടിക്കുവാന്‍ കഴിയുന്ന സാന്ദ്രസൗന്ദര്യവും തീവ്രതയും മീരയുടെ ഭാഷയ്ക്കുണ്ട്. പ്രായം കൂടുമ്പോഴാണ് ഇരുത്തം വരുക. എന്നാല്‍ യൗവനകാലം തന്നെ ഇരുത്തം വന്ന ഒരു എഴുത്തുകാരിയാണ് മീര. അതുകൊണ്ടാണ് ഭാഷയില്‍ യൗവനം സൂക്ഷിക്കുമ്പോഴും മീരയുടെ കഥാപാത്രങ്ങള്‍ സ്വന്തം യൗവനത്തില്‍ നിന്നു കുതറിമാറുവാന്‍ ശ്രമിക്കുന്നത്.
ഉത്തരാധുനികതയുടെ അടയാളങ്ങളിലൊന്നായ ബുദ്ധിപരത മീരയുടെ കഥകളില്‍ പ്രകടമാണ്. മാത്രമല്ല ഉത്തരാധുനികതയ്ക്കുശേഷം വരാന്‍ പോകുന്ന ഹൈപ്പര്‍
റിയലിസത്തിന്റെ സൂചനകളും ഇതിലുണ്ട്. സ്ത്രീവാദികളുടെ ആള്‍ക്കൂട്ടത്തോടൊന്നിച്ച് നടക്കാതെയും സൈദ്ധാന്തിക ഭാഷണങ്ങളില്‍ മുഴുകാതെയും സ്ത്രീയുടെ സമകാലീന അവസ്ഥകളോട് സര്‍ഗാത്മകമായി പ്രതികരിച്ച എഴുത്തുകാരിയാണ് മീര. (മുകുന്ദന്, 2006: 6-10)
സ്ത്രീ എഴുത്തുകാരില്‍ ശ്രദ്ധേയയായ എഴുത്തുകാരിയാണ് മീര. സമകാലീനമായ സ്ത്രീ കഥാകാരികളില്‍ നിന്നും മീരയുടെ കഥകള്‍ ഭാഷാസൃഷ്ടികൊണ്ടും ആശയസ്വീകരണം കൊണ്ടും കഥാപാത്രസൃഷ്ടികൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ വ്യത്യാസം ഒരു തരത്തിലല്ലങ്കില്‍ മറ്റൊരു തരത്തില്‍ കേരളീയ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതാണ്. മീരയുടെ ശ്രദ്ധേയമായ കഥകളെ മുന്‍നിര്‍ത്തി അവരുടെ കഥാലോകത്തെപ്പറ്റിയുള്ള പഠനമാണ് ഇവിടെ.
മീരയുടെ കഥകളോരോന്നും വ്യത്യസ്തമായ ആശയങ്ങളാണ് പങ്കുവയ്ക്കുന്നത്. ഓര്‍മ്മയുടെ ഞരമ്പ്, മോഹമഞ്ഞ, ആവേ മരിയ എന്നിവയാണ് മീരയുടെ പ്രധാന കഥാസമാഹാരങ്ങള്‍. ഇവ കൂടാതെ കരിനീല, മാലാഖയുടെ മറുകുകള്‍, എന്നീ നോവലൈറ്റുകളും നേത്രോന്മീലനം, ആ മരത്തെയും മറന്നു മറന്നു ഞാന്‍, മീരാസാധു എന്നീ നോവലുകളും മീരയുടേതാണ്.
മീരയുടെ ആദ്യകഥാസമാഹാരമായ ഓര്‍മ്മയുടെ ഞരമ്പ് 2002-ലാണ് പ്രസിദ്ധീകരിച്ചത്. സര്‍പ്പയജ്ഞം, മച്ചകത്തെ തച്ചന്, കൃഷ്ണഗാഥ, ഓര്‍മ്മയുടെ ഞരമ്പ്, അലിഫ് ലെയ്ല, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം എന്നിവയാണ് ഈ സമാഹാരത്തിലെ കഥകള്‍.
രണ്ടാമത്തെ കഥാസമാഹാരം മോഹമഞ്ഞ 2004-ലാണ് പ്രസിദ്ധീകരിച്ചത്. ശൂര്‍പ്പണഖ, വ്യക്തിപരമായ ഒരു പൂച്ച, അര്‍ദ്ധരാത്രികളില്‍ ആത്മാക്കള്‍ ചെയ്യുന്നത്, പായിപ്പാടു മുതല്‍ പേസ്മേക്കര്‍ വരെ, വാര്‍ത്തയുടെ ഗന്ധം, ഹൃദയം നമ്മെ ആക്രമിക്കുന്നു, മരിച്ചവളുടെ കല്ല്യാണം, മോഹമഞ്ഞ എന്നീ കഥകള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മൂന്നാമത്തെ കഥാസമാഹാരം 2006-ലാണ് പുറത്തിറങ്ങിയത്. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍, കളരിമറ്റത്ത് കത്തനാര്, സ്വവര്‍ഗ്ഗസങ്കടങ്ങള്‍, ആവേ മരിയ, പിന്നെ സസ്സന്ദേഹുമായിടും, ആനപ്പുരയ്ക്കല്‍ കേശവപ്പിള്ള മകന്, ആട്ടുകട്ടില്‍, വാണിഭം, സോളോ ഗോയ്യാ എന്നീ ഒന്‍പതു കഥകളാണ് ഈ സമാഹാരത്തില്‍ വരുന്നത്.
ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥാസമാഹാരത്തിലെ ശ്രദ്ധേയമായ കഥകളാണ് സര്‍പ്പയജ്ഞം, മച്ചകത്തെ തച്ചന്, കൃഷ്ണഗാഥ, ഓര്‍മ്മയുടെ ഞരമ്പ് എന്നിവ. സര്‍പ്പയജ്ഞം എന്ന കഥയില്‍ ഒരു ജാരനെപ്പോലെ, കാലനെപ്പോലെ പാമ്പ് ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷപ്പെടുന്നു. സര്‍പ്പം രതിയുടെയും കാമത്തിന്റെയും പ്രതീകം കൂടിയാണെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള അഭിപ്രായപ്പെടുന്നു. ഇവിടെ കഥയില്‍ പാമ്പ് കഥാനായികയുടെ മുന്പില് പലതവണ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ കഥാനായകന് ഈ കാര്യം വിശ്വസിക്കുന്നില്ല. പക്ഷേ കഥയുടെ അവസാനമായപ്പോഴേക്കും കഥാനായകനും പാമ്പിനെ കാണുന്നു. മീരയുടെ ഈ കഥയില്‍ പാമ്പിനെ നായികയുടെ ജാരനായാണ് ചിത്രീകരിക്കുന്നത്. എം. ഗോവിന്ദന്റെ സര്‍പ്പം എന്ന നോവല്‍ മീരയെ സ്വാധീനിച്ചിട്ടുള്ളതിന് തെളിവാണ് ഈ കഥയില്‍ നിന്നു വ്യക്തമാവുന്നത്.
മച്ചകത്തെ തച്ചന് എന്ന കഥയില്‍ ഒരു പഴയ നായര്ത്തറവാടാണ് മീര ആവിഷ്കരിക്കുന്നത്. ഈ തറവാട് പുരുഷന് നൂറ്റാണ്ടുകളായി പടുത്തുയര്‍ത്തിയതാണ്. ഈ തറവാടിന് ചില പരിഷ്കാരങ്ങളൊക്കെ വരുത്തണമെങ്കിലും അത് കല്പാന്തകാലത്തോളം അങ്ങനെതന്നെ നിലനില്‍ക്കണമെന്നാണ് കഥാനായകന്റെ ആഗ്രഹം. കഥയിലെ അച്ഛനാണ് തറവാടിന്റെ പാരമ്പര്യത്തെക്കുറിച്ച് പ്രകീര്‍ത്തിക്കുന്നത്. അപ്പോള്‍ ആ അമ്മ ഇങ്ങനെ പറയുന്നുണ്ട്.
എന്റെ വീടല്ലേ എനിക്കല്ലേ തോന്നേണ്ടത്... പ്രേതം കൂടിയവീട്! ഇവിടന്നു രക്ഷപ്പെടാന്‍ നോക്കേണ്ടതിനു പകരം....?
അതാണ് എന്റെ തറവാടിന്റെ ശാപം ഞങ്ങള്‍ സന്തതികള്‍ എന്നും തനിച്ചാണ്. വീടുനിറയെ ആളുണ്ടാവുമ്പോഴും ഞങ്ങള്‍ക്ക് കൂട്ടുകാരില്ല. സംസാരിക്കാന്‍ ആരുമില്ല. മച്ചിലെ ഒറ്റക്കിളിവാതിലിന്റെ ഇരുവശത്തു കാണുന്ന വട്ടെഴുത്തുപോലെയാണ് ഞങ്ങളുടെ തലയിലെഴുത്തെന്ന് എനിക്കു തോന്നി.
'ആരും വായിക്കാന്‍ മെനക്കെടാത്തത് ആരും പ്രധാനമായി കണക്കാക്കാത്തത്' എന്ന് അവരുടെ മകള്‍ പരാതി പറയുന്നു. ഇവിടെ പുരുഷനിര്‍മ്മിതമായ ഗൃഹങ്ങളിലെ ആരും വായിക്കാന്‍ മെനക്കെടാത്ത സ്ത്രൈണലിപികളെ വായിച്ചെടുക്കുകയാണ് മീര ചെയ്യുന്നത്. ഇവിടെ അച്ഛനും തച്ചനും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പുരുഷാധിപത്യത്തിന്റേതായ ഗൃഹസങ്കല്പങ്ങളെ മകളുടെ മനസ്സില്‍ പണിതുറപ്പിക്കുവാന് ശ്രമിക്കുകയാണ് ഈ കഥയിലെ അച്ഛന് ചെയ്യുന്നത്. തന്റെ ഹൃദയത്തിലേക്ക് കൃത്യമായി വീഴാനുള്ള ഒരു ഉളി ഏതൊരു പുരുഷനും സൂക്ഷിക്കുന്നുണ്ടെന്ന ഭയം എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്ന് ഈ കഥയില്‍ നിന്നും വ്യക്തമാവുന്നു.
കൃഷ്ണഗാഥ എന്ന കഥ മനസ്സില്‍ എപ്പോഴും ഒരു കനല്‍പോലെ എരിഞ്ഞുനില്ക്കുന്നതാണെന്ന് എം. മുകുന്ദന് അഭിപ്രായപ്പെടുന്നു. കൃഷ്ണ എന്ന ബാലികയുടെയും അവള്‍ക്കു ട്യൂഷന് കൊടുക്കുന്ന നാരായണന് കുട്ടിയുടെയും കഥയാണ് കൃഷ്ണഗാഥ. സര്‍വ്വം കൃഷ്ണമയം എന്നു പറഞ്ഞുകൊണ്ടാണ് അയാള്‍ ആദ്യമായി ആ വീട്ടില്‍ കാലുകുത്തുന്നത്. എന്നിട്ട് കൃഷ്ണയെ അഷ്ടപദിയും കൃഷ്ണഗാഥയും പഠിപ്പിച്ച് പഠിപ്പിച്ച് അയാള്‍ അവളെ ഉപയോഗിച്ച് കാശുണ്ടാക്കുന്നു. താന്‍ പിടിക്കപ്പെടുമെന്ന് ബോധ്യമായപ്പോള്‍ അയാള്‍ ആത്മഹത്യ ചെയ്യുന്നു. അതിനുശേഷം കൃഷ്ണ പ്രസ്സ് മീറ്റിംഗില്‍ ചോദ്യം ചെയ്യപ്പെടുന്നു.
'ന്നെ അച്ഛന് ഉറക്കണം. കുഞ്ഞുവാവയായിട്ടുറക്കണം' എന്നൊക്കെ കൃഷ്ണ അച്ഛനോടു വാശിപിടിക്കുമായിരുന്നു. ആ കൃഷ്ണ ഇപ്പോള്‍ ആകെ വല്ലാത്തൊരവസ്ഥയിലാണ്. അവള് ഇപ്പോള്‍ മറ്റുള്ളവരുടെ മുമ്പിലിരുന്ന് സംസാരിക്കുമ്പോള്‍ കാലുകള്‍ അകറ്റിവയ്ക്കുന്നു. ഇത് അവളുടെ അച്ഛനെ കുപിതനാക്കി. കാല് നേരെ വയ്ക്ക്... നേരെയിരുന്നൂടെ നിനക്ക്. എന്ന് ആ പിതാവ് ചോദിക്കുന്നു. തനിക്ക് പറയാനുള്ളതെല്ലാം ആ അച്ഛന് ഉള്ളിലൊതുക്കുകയായിരുന്നു. ആ ചോദ്യത്തിനു മറുപടിയായി എനിക്ക് വേദനിച്ചിട്ടല്ലേ അച്ഛാ? എന്ന് കൃഷ്ണ ദയനീയമായി ചോദിക്കുന്നു. മാത്രമല്ല 'ജുബ്ബായിട്ട അപ്പൂപ്പന്റെ കൂടെ പോകാതിരുന്നതിന് മാഷ്ന്നെ പൊള്ളിച്ചില്ലേ...?' എന്ന് അവള് സങ്കടപ്പെടുന്നു. ആ മറുപടി ആ അച്ഛനെ ആകെ തളര്‍ത്തി.
അലിഫ് ലെയ്ല എന്ന കഥ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവിന്റെ ജീവിത പ്രശ്നത്തെയാണ് അവതരിപ്പിക്കുന്നത്. ഒരേ സമയം രണ്ടു സീരിയല്‍ ചെയ്തിരുന്ന പ്രൊഡ്യൂസറെ തിരക്കഥാകൃത്തുക്കള്‍ ചതിക്കുന്നു. ദിവസവും പുതിയ ഓരോ തിരക്കഥാകൃത്തിനെ കണ്ടെത്തിയില്ലെങ്കില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവിന്റെ ജോലി പോകുമെന്ന അവസ്ഥയായി. മറ്റു ജീവിതമാര്‍ഗ്ഗമില്ലാത്ത അയാള്‍ ആശങ്കയിലായി. ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന അവസ്ഥയിലായി. എന്നാല്‍ അദ്ദേഹത്തിന്റെ മകള്‍ ഒരു തിരക്കഥാകൃത്താവാം എന്നു പറയുന്നു. അതിനുള്ള കഴിവ് അവള്‍ക്കുണ്ടായിരുന്നു. അങ്ങനെ ഷഹറാസാദ് പ്രൊഡ്യൂസറെ കാണുകയും ദിവസവും ഓരോ കഥ പറയുകയും ചെയ്യുന്നു.
അദ്ദേഹത്തിന്റെ സീരിയലുകളെല്ലാം ജനശ്രദ്ധ കൂടുതല്‍ ആകര്‍ഷിച്ചു. മാത്രവുമല്ല ഇത്രയുമായപ്പോഴേക്കും സീരിയലിന്റെ റേറ്റിങ്ങ് കൂടി. ഇതില്‍ സംപ്രീതനായ ഡയറക്ടര്‍ ഷഹറാസാദിനെയും അവളുടെ അച്ഛനേയും വിളിച്ച് ഇങ്ങനെ പറഞ്ഞു. വിവേകശാലിയായ പെണ്‍കുട്ടീ, ഈ സീരിയല്‍ അതീവ രസകരംതന്നെ. നീയെന്നെ പലതും പഠിപ്പിച്ചു. പ്രേക്ഷകര്‍ കഥാകൃത്തിന്റെ മുന്നില്‍ വെറും കളിപ്പാവകളാണെന്ന് നീയെനിക്കു മനസ്സിലാക്കിത്തന്നു. ആയിരം എപ്പിസോഡുകളില്‍ നീയെന്റെ ആത്മാവില്‍ അമൃതു പകര്‍ന്നു. ഇപ്പോള്‍ എനിക്ക് പ്രൊഡക്ഷനോട് അഭിനിവേശം തോന്നുന്നു. 1001 എപ്പിസോഡുകളോടെ കഥ അവസാനിക്കുന്നു. ഷൂട്ട് ചെയ്യാനുളള 1002-മത്തെ എപ്പിസോഡിന്റെ സസ്പെന്‍സിന് രണ്ടു സാധ്യതകളുണ്ട്.
ഒന്ന്, കഥ പറഞ്ഞു കഥ പറഞ്ഞു കരള്‍ കവര്‍ന്ന ഷഹറാസാദിനെ പ്രൊഡ്യൂസര്‍ വിവാഹം കഴിക്കുന്നു. ഏറെ കഴിയുംമുമ്പെ, സീരിയലില്‍ ചാന്‍സ് ചോദിച്ചുവന്ന ഒരു പതിനാറുകാരി പെണ്‍കുട്ടിയുടെ ആകര്‍ഷണത്തില്‍ ഇന്നു മുതല്‍ എന്റെ ഭാര്യയെന്ന കഥാപാത്രത്തിനു ജീവന് നല്‍കുന്നത് മായാവിനോദിനി എന്നെഴുതി കാണിച്ച് ഷഹറാസാദിനെ പ്രൊഡ്യൂസര്‍ നിഷ്കാസനം ചെയ്യുന്നു. രണ്ട്, ഷഹദാസാദ് യഥാകാലം വിവാഹിതയാകുകയും സ്ത്രീ വിഷയത്തില്‍ പേരുകേട്ട ഒരു പ്രൊഡ്യൂസറുടെ മുമ്പില്‍ ആയിരംരാത്രികള് ചെലവഴിച്ചതിന് തുടര്‍ന്നുവന്ന ആയിരക്കണക്കിനു രാത്രികളില്‍ ഭര്‍ത്താവിന്റെ പീഡനവും ചോദ്യം ചെയ്യലും മൂലം വലയുകയും പിന്നീടൊരിക്കലും ഒരു മിനിക്കഥപോലും പറയാന്‍ ശേഷിയില്ലാതാകുകയും ചെയ്യുന്നു. കഥാവശേഷയാകുന്ന ആ സംഘര്‍ഷഭരിത സീനുകളില്‍ ഷഹറാസാദ്, ജഗന്നിയന്താവേ, നീ തന്നെ രചിക്കുക എന്ന് സ്വയം പറയുന്നു.
ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥ തന്റെ ജീവിതവുമായി ഏറ്റവുമധികം ബന്ധപ്പെട്ട കഥയാണെന്ന് മീര പറയുന്നുണ്ട്. ജീവിതത്തില്‍ നിന്നു നേരിട്ടു പകര്‍ത്തിയത്. അത് വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ടതായിരുന്നു. മീരയുടെ അടുത്തവീട്ടിലെ അമ്മൂമ്മ ഓര്‍മ്മയൊക്കെ നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ആ അമ്മൂമ്മയെ മീര കാണുന്നു. ആ അമ്മൂമ്മ എല്ലാവരേയും പരിചയപ്പെട്ടപ്പോള്‍ ഏത് ക്ലാസ്സുവരെ പഠിച്ചു എന്നു ചോദിക്കുന്നു.
ഒരു സ്ത്രീ തന്റെ എല്ലാ ഓര്‍മകളും നഷ്ടപ്പെട്ടു കഴിയുമ്പോഴും പഠിക്കാന്‍ കഴിയാതെ പോയതിന്റെ ദുഃഖം മറക്കുന്നില്ല. ആ സംഭവത്തിന്റെ ആഘാതത്തില്‍ മീര ഒരു കഥയെഴുതി. അതാണ് ഒരു മോഹഭംഗത്തിന്റെ കഥ എന്ന പേരില്‍ അച്ചടിച്ചു വന്ന മീരയുടെ ആദ്യത്തെ കഥ.
അതൊക്കെ കഴിഞ്ഞ് വളരെ വര്‍ഷങ്ങള്‍ക്കുശേഷം മീര ഒരു പ്രസ്ഥാനത്തിലെ ആദ്യകാല പ്രവര്‍ത്തകരിലൊരാളെ ഇന്റര്‍വ്യൂ ചെയ്യാനായി പോകുന്നു. അപ്പോള്‍ മീരയ്ക്കുണ്ടായ അനുഭവമാണ് ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥയില്‍ മീര ആവിഷ്കരിക്കുന്നത്. ഈ കഥയെ ഉത്തരാധുനികതയിലെ പച്ചപ്പ് എന്ന് ടി. പത്മനാഭന് വിശേഷിപ്പിക്കുന്നു. അടുത്തകാലത്ത് വായിച്ച ഏറ്റവും മികച്ച കഥ എന്നും അദ്ദേഹം ഈ കഥയെ പറയുന്നു.
ടെററിസ്റ്റ് എന്ന കഥയില്‍ അനന്തനെന്ന വ്യക്തി ഒരു ടെററിസ്റ്റാണ് എന്നു തെറ്റിദ്ധരിക്കപ്പെടുന്നു. അനന്തന്റെ വ്യാകുലതകളാണ് ഈ കഥയില്‍ ആവിഷ്കരിക്കുന്നത്.
ഒറ്റപ്പാലം കടക്കുവോളം എന്ന കഥയില്‍ പാര്‍ട്ടി സംബന്ധമായ കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. ഒരു വൃദ്ധന് 1921-ല്‍ നടന്ന ഒറ്റപ്പാലം സമ്മേളനത്തിന്റെ ഓര്‍മ്മകളെ പറ്റി ഇതില്‍ പറയുന്നു. പക്ഷേ അതൊന്നും ആരുംതന്നെ ശ്രദ്ധിക്കുന്നില്ല. ഇതെല്ലാം കേള്‍ക്കുന്ന ലിങ്കച്ചന് എന്ന പാര്‍ട്ടി പ്രവര്ത്തകന് തന്നെ ബോറടിച്ചുതുടങ്ങി. ഒടുക്കത്തെ പാലങ്ങള്‍ എപ്പോഴും ഒറ്റ തന്നെയാണ്. ഒരുപാട് പേര് ചേര്‍ന്ന് പണിയുന്നതെങ്കിലും ഒറ്റയ്ക്ക് മറികടക്കേണ്ടി വരുമെന്ന ഒരാശയം ഈ കഥ ആവിഷ്കരിക്കുന്നു.
ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥാസമാഹാരത്തിലെ കഥകളെല്ലാം അഭിനന്ദിനീയമായ കൈയൊതുക്കവും ധ്വനിസാന്ദ്രതയും ഉള്ളവയാണ്. വളരെ ചുരുങ്ങിയ വാക്കുകള്‍ക്കൊണ്ട് അവ വളരെയധികം വ്യഞ്ജിപ്പിക്കുന്നുണ്ട്. വരണ്ട ഉത്തരാധുനിക കാലാവസ്ഥയിലും മലയാള കഥകളുടെ പച്ചപ്പ് നഷ്ടപ്പെട്ടിട്ടില്ല എന്ന് മീരയുടെ ഈ കഥകള്‍ വ്യക്തമാക്കുന്നു. ദുഃഖമാണ് യഥാര്‍ത്ഥ ആത്മാവബോധം പകരുന്നത് എന്നറിയിക്കുന്ന രചനകളാണ് മീരയുടെ ഈ കഥകള്‍.
മോഹമഞ്ഞ എന്ന കഥാസമാഹാരത്തിലെ പ്രധാന കഥകളാണ് ശൂര്‍പ്പണഖ, മോഹമഞ്ഞ എന്നിവ. ശൂര്‍പ്പണഖ എന്ന കഥ പി. പി. അനഘ എന്ന അധ്യാപികയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്. ആദ്യമായി ക്ലാസ്സിലെത്തിയപ്പോള്‍ ശൂര്‍പ്പണഖയ്ക്കു സ്വാഗതം എന്ന് എഴുതിവെച്ചതാണ് അനഘ കാണുന്നത്. അതിനെതിരെ അനഘ പ്രതികരിച്ചില്ല. അതിനുശേഷം ഒരു കുട്ടി 'മിസ് ഒരു ഫെമിനിസ്റ്റല്ലേ ബേണ്‍ ദ ബ്രാ പ്രസ്ഥാനത്തെക്കുറിച്ച് എന്താണ് അഭിപ്രായം?' എന്നു ചോദിക്കുന്നു. ആ ചോദ്യത്തിനെതിരെ അനഘ ശക്തമായിതന്നെ പ്രതികരിച്ചു.
അനഘയ്ക്ക് ബ്രസ്റ്റ് ക്യാന്‍സറായിരുന്നു. സര്‍ജറിയുടെ സമയമായപ്പോള്‍ അനഘ തന്റെ മകളോട് അവസാനമായി എന്തെങ്കിലും വേണമോ എന്നു ചോദിക്കുന്നു. മകള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന വിഷമം ആത്മാവിനെ അലട്ടാതിരിക്കാന്‍ എന്തുവേണമെങ്കിലും ചോദിക്കാമെന്ന് അനഘ പറയുന്നു. തന്റെ മകള്‍ എന്തു ചോദിക്കരുതെന്നു കരുതിയോ അതുതന്നെ ആ മകള്‍ ആവശ്യപ്പെട്ടു. ആ മകള്‍ ആദ്യമായും അവസാനമായും അമ്മയോട് ആവശ്യപ്പെട്ടത് അമ്മയുടെ പാലായിരുന്നു.
മകളുടെ ആഗ്രഹം കേട്ട അനഘ ഒരു ധൈര്യത്തിനുവേണ്ടി ലിംഗാധിപത്യം, വിമോചനം, ശാക്തീകരണം എന്നിങ്ങനെ ഉരുവിട്ടു. എങ്കിലും ആ അമ്മ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാന്‍ തയ്യാറായി. പി. പി അനഘയെന്ന അമ്മ ശക്തയായ ഒരു സ്ത്രീയായിരുന്നു എന്നു ആ മകള്‍ തിരിച്ചറിയാനും തന്റെ മകളുടെ ശാക്തീകരണത്തിനും വേണ്ടിയായിരുന്നു അനഘ അതിന് തയ്യാറായത് പക്ഷേ അമ്മയുടെ നെഞ്ചിലേക്ക് നോക്കി മകള്‍ വിഹ്വലതയോടെ പറഞ്ഞു, 'എനിക്കു ലാക്ടോജന്‍ മതി'. മകളുടെ ഈ പ്രതികരണം ആ അമ്മയെ തളര്ത്തികളഞ്ഞിരിക്കും എന്നൊരു ആശയം മീര ഈ കഥയില്‍ ആവിഷ്കരിക്കുന്നു.
മീരയുടെ കഥകളില്‍ തീര്‍ച്ചയായും ഒരു ഫെമിനിസ്റ്റ് സ്വത്വം ഉണ്ട്. അതേസമയം ഒരു ശൂര്‍പ്പണഖ എന്ന കഥയിലൂടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതിനെപ്പറ്റി മീര തന്നെ പറയുന്നുണ്ട്.
ശൂര്‍പ്പണഖ ഏറ്റവും തെറ്റിവായിക്കപ്പെട്ടിട്ടുള്ള കഥയാണ്. എല്ലാവരും പറഞ്ഞു, അത് ഒരു ആന്റി ഫെമിനിസ്റ്റ് കഥയാണെന്ന്. പക്ഷേ ഫെമിനിസ്റ്റ് എന്ന നിലയില്‍ എന്റെ വ്യഥകളാണ് അതില്‍. ഞാനൊരു ഫെമിനിസ്റ്റാണ് എന്നു പറയാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ഫെമിനിസത്തെ ഞാനൊരു പാര്‍ട്ടിയായല്ല കാണുന്നത്. അതിനൊരു സംഘടനാസ്വഭാവം വരുമ്പോള്‍ എനിക്കു താല്പര്യമില്ല. നിങ്ങളീ ഭാഷ സംസാരിക്കണം, ഈ വാക്കുകള്‍ ഉപയോഗിക്കണം, ഇന്ന വേഷം ധരിക്കണം എന്നൊന്നും എന്നോട് പറയരുത്. ഈ നിമിഷം എങ്ങനെ ജീവിക്കാന്‍ ആഗ്രഹം തോന്നുന്നുവോ അങ്ങനെ ജീവിക്കാന്‍ സ്വതന്ത്ര്യം നല്കുന്ന പ്രത്യയശാസ്ത്രമാണ് എന്റെ ഫെമിനിസം. ശൂര്‍പ്പണഖയുടെ കാര്യത്തില്‍, നമ്മള് വിശ്വസിക്കുന്ന ഒരു പ്രത്യയശാസ്ത്രം അടുത്ത തലമുറയും നമ്മുടെ സഹജീവികളും എങ്ങനെ വീക്ഷിക്കുന്നു എന്ന് രേഖപ്പെടുത്താനാണ് ഞാന്‍ ശ്രമിച്ചത്. അതിങ്ങനെയായി.
മോഹമഞ്ഞ എന്ന കഥ വളരെ വ്യത്യസ്തമായാണ് മീര ആവിഷ്കരിക്കുന്നത്. പ്രണയം ഒരു രോഗാവസ്ഥയാണോ, അതോ, അമര്‍ത്തപ്പെട്ട പ്രണയമാണോ രോഗബീജമായി മാറുന്നത് എന്നിങ്ങനെയുള്ള സന്ദേഹങ്ങളാണ് മോഹമഞ്ഞ എന്ന കഥയില്‍ ആവിഷ്കരിക്കുന്നത്. ഈ കഥയിലെ സ്ത്രീയും പുരുഷനും ജീവിതത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ നിറങ്ങള്‍ കാണുവാനുള്ള കഴിവ് രോഗം മൂലം നഷ്ടപ്പെട്ടവരാണ് സ്നേഹിക്കാന്‍ ലജ്ജിക്കുകയും അധൈര്യപ്പെടുകയും ചെയ്യുന്ന സാധാരണ മനുഷ്യരെയാണ് ഇവിടെ ചിത്രീകരിക്കുന്നത്. എന്നാല്‍ സ്നേഹം വേണ്ടെന്നു വയ്ക്കാന്‍ ആരും തന്നെ തയ്യാറാകുന്നില്ല. സമൂഹത്തെക്കുറിച്ചുള്ള ഭയമാണ് ഇവിടെ രോഗമായി പ്രത്യക്ഷപ്പെടുന്നത്.
കണ്ണില്ലാതാകുമ്പോഴാണല്ലോ കണ്ണിന്റെ വിലയറിയുക. അതുപോലെ വൈകിയിട്ടാണെങ്കിലും ശേഷിക്കുന്ന ജീവിതത്തിന്റെ വില തിരിച്ചറിയുകയാണ് അവര്‍. സ്നേഹിക്കാന്‍ കുറച്ചുസമയം മാത്രമുള്ളപ്പോള്‍ അണയാന്‍ പോകുന്ന ജീവിതത്തിലേക്ക് ആര്‍ത്തിയോടെ പറന്നണയുകയാണവര്.
മോഹമഞ്ഞയിലെ സ്ത്രീയേയും പുരുഷനേയും സൃഷ്ടിക്കാനൊരുങ്ങുമ്പോള്‍ മീരയുടെ കൈ വിറയ്ക്കുന്നതു കാണാം. അവരെക്കുറിച്ചുള്ള കഥാകാരിയുടെ വിവരണം നോക്കൂ. അവള് വിവാഹമോചിതയും രണ്ടു കുട്ടികളുടെ അമ്മയും അയാള്‍ വിവാഹബന്ധിതനും രണ്ടു കുട്ടികളുടെ അച്ഛനും. കഥാകാരി എന്തുകൊണ്ടാണ് അവളെ വിവാഹമോചിതയായി അവതരിപ്പിക്കുന്നത്? വിവാഹിതയായ ഒരു സ്ത്രീ ഇത്തരം ഒരു പ്രണയ/ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിച്ചാല്‍ അതിനെ സദാചാര തല്പരനായ മാന്യ വായനക്കാര്‍ എങ്ങനെ സ്വീകരിക്കും എന്ന ഭയം കൊണ്ടാണോ? ഇത് കഥയുടെ ഒരു ന്യൂനതയായി ചൂണ്ടിക്കാണിക്കുകയല്ല. പുരുഷന് സൃഷ്ടിക്കുന്ന സദാചാരനീതി എത്ര ആഴത്തിലാണ് സ്ത്രീയുടെ ഹൃദയത്തില്‍ തറഞ്ഞുകയറിയിരിക്കുന്നത് എന്നു ചൂണ്ടികാണിച്ചെന്നെയുള്ളു എന്ന് എം. കെ ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നു. സ്ത്രീയുടെ രോഗശാന്തിക്കായുള്ള വചനശുശ്രൂഷയായി മാറുകയാണ് മീരയുടെ എഴുത്ത്. (ശ്രീകുമാര്‍, 2004: 148)
വ്യക്തിപരമായ ഒരു പൂച്ച എന്ന കഥയില്‍, ഒരാള്‍ക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ സംഭവിച്ച കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. ഈ കഥയില്‍ സുചിത്ര എന്ന സ്ത്രീയെ ഒരു പൂച്ചയായി ചിത്രീകരിക്കുന്നു. ആ സ്ത്രീ പൂച്ചയുടെ സ്വഭാവമാണ് പ്രകടിപ്പിക്കുന്നതെന്നു പറയുന്നു.
അര്‍ദ്ധരാത്രികളില്‍ ആത്മാക്കള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വിവരിക്കുകയാണ് അര്‍ദ്ധരാത്രികളില്‍ ആത്മാക്കള്‍ ചെയ്യുന്നത് എന്ന കഥയില്‍. ഈ കഥയിലെ കഥാപാത്രങ്ങള്‍ ഉറങ്ങികഴിയുമ്പോള്‍ അവരുടെ ഉള്ളില്‍ നിന്നും ആത്മാക്കള്‍ പുറത്തുവരുന്നു. എന്നിട്ട് വീടും പരിസരവും സൂക്ഷിച്ചു നിരീക്ഷിക്കുകയും ചെയ്യുന്നു.
പായിപ്പാടുമുതല്‍ പേസ്മേക്കര്‍ വരെ എന്ന കഥയില്‍ യന്ത്രത്തിന്റെ സ്വാധീനത്തെപറ്റി പറയുന്നു. ഈ കഥയിലെ കഥാപാത്രത്തിന് അസുഖം ഭേദമാകണമെങ്കില്‍ പേസ്മേക്കര്‍ തന്നെ വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ യന്ത്രം ഫ്രാന്‍സില്‍ നിന്നാണ് കൊണ്ടുവന്നത്. ഈ യന്ത്രം ശരീരത്തില്‍ വച്ചതിനുശേഷം കഥാപാത്രം മലയാളം പറഞ്ഞില്ല. ഫ്രഞ്ച് മാത്രമേ പറയുന്നുള്ളൂ ഇവിടെ ഇന്നത്തെ സമൂഹത്തില്‍ യന്ത്രത്തിന്റെ സ്വാധീനവും ആവശ്യകതയും അതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളുമാണ് പ്രതിപാദിക്കുന്നത്.
വാര്‍ത്തയുടെ ഗന്ധം എന്ന കഥയില്‍ വാര്‍ത്തകളുടെ സ്വഭാവത്തെയാണ് ആവിഷ്കരിക്കുന്നത്. ഓരോ വാര്‍ത്തയും എങ്ങനെയാണ് വരുന്നതെന്ന് ഈ കഥയിലെ ജേര്‍ണലിസ്റ്റുകളായ കഥാപാത്രങ്ങളിലൂടെ വെളിവാകുന്നു. ഓരോ മരണവാര്‍ത്തയ്ക്കും ഓരോ ഗന്ധം ഉണ്ടെന്ന് ഈ കഥയില്‍ പറയുന്നു.
ഹൃദയം നമ്മെ ആക്രമിക്കുന്നു എന്ന കഥയില്‍ സാവിത്രിയിമ്മ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് പ്രതിപാദിക്കുന്നത്. അവരുടെ ജീവിതാഭിലാഷമായിരുന്നു സ്വന്തവും സ്വതന്ത്രവുമായ ഒരു ഹാര്‍ട്ടറ്റാക്ക്. സാവിത്രിയമ്മയുടെ ജീവിതാഭിലാഷം സഫലമാക്കുന്നതാണ് ഈ കഥയില്‍ വിവരിക്കുന്നത്.
മരിച്ചവളുടെ കല്ല്യാണം എന്ന കഥ പേരു പോലെ തന്നെ മരിച്ചവളുടെ കല്ല്യാണത്തെപറ്റിയാണ് പ്രതിപാദിക്കുന്നത്. ഈ കഥയിലെ കഥാപാത്രത്തിന്റെ ആത്മഗതമാണ് ഇവിടെ ആവിഷ്കരിക്കുന്നത്.
പച്ചയായതും അതുപോലെ ലളിതമായതും എല്ലാവരേയും ആകര്‍ഷിക്കും. അതിന് ഏറ്റവും നല്ല തെളിവാണ് മോഹമഞ്ഞയിലെ കഥകള്‍. ഉത്കടമായ വികാരാവിഷ്കാരത്തേക്കാള് മനസ്സിന് പ്രശാന്തതയരുളുന്നത് കോമളീകൃതമായ വികാരാവിഷ്കാരമാണ് എന്ന തത്വത്തിന് നിദര്‍ശനമായി പരിലസിക്കുന്നതാണ് മീരയുടെ ഈ കഥകള്‍. മലയാളത്തിലെ ശ്രേഷ്ഠമായ കഥകളുടെ ജനുസ്സിലാണ് ഈ കഥകള്‍ ഇടം കണ്ടെത്തിയിട്ടുള്ളത്.
ആവേ മരിയ എന്ന കഥാസമാഹാരത്തിലെ കഥകളെല്ലാം വ്യത്യസ്തമായ ആശയങ്ങളാണ് പങ്കുവയ്ക്കുന്നത്. ആവേ മരിയ, സ്വവര്‍ഗ്ഗ സങ്കടങ്ങള്‍, വാണിഭം, സോളോ ഗോയ്യാ എന്നിവയാണ് ഈ സമാഹാരത്തിലെ പ്രധാന കഥകള്‍. ആവേ മരിയ കണ്ണുകളെ ഈറനണിയിക്കുന്ന ഒരു കഥയാണ്. കമ്മ്യൂണിസ്റ്റ് സഹനത്തിന്റെ ഒരു തീവ്രമായ ഭൂതകാലം അതില്‍ ശക്തമായി ആവിഷ്കരിച്ചിട്ടുണ്ട്. മീരയുടെ കഥകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥയാണിത്.
ആവേ മരിയ മറിയക്കുട്ടി എന്ന സ്ത്രീയുടെ സഹനത്തിന്റെ കഥയാണ്. ജന്മനാ ധിക്കാരിയായിരുന്ന ചോലക്കോടന്‍ എന്ന വ്യക്തിയുടെ ഭാര്യയായിരുന്നു മറിയക്കുട്ടി. ഒരു ദിവസം പോലീസുകാരുടെ മരണവാര്‍ത്തയറിഞ്ഞ് ഇവര്‍ നാടുവിട്ടുപോകുന്നു. പക്ഷേ ഒരു രാത്രി ചോലക്കോടനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. രക്ഷപ്പെട്ട മറിയക്കുട്ടി തളരാതെ നാട്ടില്‍ തിരിച്ചെത്തുന്നു. പക്ഷേ അപ്പോഴേക്കും അവര്‍ക്ക് സ്വന്തമായിരുന്നതെല്ലാം നഷ്ടപ്പെട്ടിരുന്നു. മാത്രവുമല്ല ആരും തന്നെ അവരെ സഹായിക്കാന്‍ സന്നദ്ധരായിരുന്നില്ല.
പോലീസുകാര്‍ മറിയക്കുട്ടിയെ നന്നായി ഉപദ്രവിച്ചു. മാത്രവുമല്ല അവര്‍ മറിയക്കുട്ടിയെ വിലങ്ങിട്ടു ബലാല്‍സംഗം ചെയ്തു. വളരെ ക്രൂരമായാണ് അവര്‍ പെരുമാറിയത്. ആളുകളെല്ലാം പല കഥകളും പറഞ്ഞുതുടങ്ങി. ജയിലില്‍ കിടക്കുന്ന സഖാവിന്റെ ഭാര്യയ്ക്ക് ഗര്‍ഭം. അതു സോഷ്യലിസ്റ്റ് ഗര്‍ഭമാണെന്നും കൊച്ച് അരിവാളും ചുറ്റികേമായിട്ടു വരും നോക്കിക്കോ എന്നും കമ്യുണിസ്റ്റ് ഗര്‍ഭം എന്നിങ്ങനെയൊക്കെ വാര്‍ത്തകള്‍ പരന്നു. മറിയക്കട്ടി ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന് ഇമ്മാനുവേല്‍ എന്ന് പേരിട്ടു.
മറിയക്കുട്ടിയ്ക്ക് ആരും തന്നെ ജോലി നല്‍കിയില്ല. പക്ഷേ രാത്രിയില്‍ അവരുടെ വീട്ടില്‍ ആളുവരും. അങ്ങനെ സഖാവ് ചോലക്കോടന്റെ ഭാര്യ സോഷ്യലിസ്റ്റ് മറിയക്കുട്ടിയായി. ഇമ്മാനുവേല്‍ പിടിവാശിക്കാരനായിരുന്നു. ഇമ്മാനുവേലും ചോലക്കോടനും പരസ്പരം സഖാവേ എന്നാണ് വിളിച്ചിരുന്നത്. ഇമ്മാനുവേല്‍ വളരുന്തോറും ചോലക്കോടന്‍ തളരുകയായിരുന്നു. പാര്‍ട്ടി പിളര്‍ന്നതിന്റെ പിറ്റേന്ന് ചോലക്കോടന്‍ മരിച്ചു. താന്‍ തന്തയില്ലാത്തവനാണെന്ന് ഇമ്മാനുവേല്‍ സ്വയം കുറ്റപ്പെടുത്തി. ഒരു ഫാക്ടറിയില്‍ ജോലികിട്ടിയ ഇമ്മാനുവേല്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചു. പക്ഷേ അവള് തന്തയില്ലാത്തവനെ വേണ്ടെന്ന് പറഞ്ഞ് ഇമ്മാനുവേലിനെ ഒഴിവാക്കി.
ആ വാശി തീര്‍ക്കാനായി ഇമ്മാനുവേല്‍ വേശ്യയെ സമീപിക്കുന്നു. അവര്‍ വസ്ത്രമഴിക്കുമ്പോഴെല്ലാം അമ്മച്ചിയുടെ മുഖമാണ് ഇമ്മാനുവേലിന്റെ ഓര്‍മ്മയില്‍ വരുന്നത്. ഓരോ സ്ത്രീയെ സമീപിക്കുമ്പോഴും അയാള്‍ നിലം പതിക്കുകയായിരുന്നു. എപ്പോഴും അയാള്‍ മറിയയെ ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍ ഇമ്മാനുവേല്‍ ഫ്യൂരിഡാന്‍ കഴിച്ചപ്പോഴും മറിയ നിശബ്ദയായി കാത്തിരിക്കുകയായിരുന്നു. എല്ലാവരും ഒരു ദിവസം കോഴി കൂകുംമുന്പേ ആരെയെങ്കിലും തള്ളിപ്പറയും. എല്ലാവരും ഒരു ദിവസം രണ്ടു കള്ളന്മാര്ക്കിടയില് ആരെയെങ്കിലും കുരിശിലേറ്റും. പുളിച്ച വീഞ്ഞു കുടിപ്പിക്കും. വിലാപ്പുറത്തു കുത്തും. പാറയില്‍ വെട്ടിയ കല്ലറയില്‍ തള്ളും. കല്ലറവാതില്ക്കല് ഏതെങ്കിലുമൊരു മറിയ മാത്രം സ്നേഹിച്ചവനുവേണ്ടി കരഞ്ഞുകൊണ്ടു കാത്തുനില്ക്കും. എന്നൊക്കെ പറഞ്ഞ് കഥ ഇവിടെ അവസാനിക്കുന്നു.
സ്വവര്ഗ്ഗസങ്കടങ്ങളില് മുഴുകുന്ന ഗോപാലകൃഷ്ണപിള്ളയുടെ കഥയാണ് സ്വവര്ഗസങ്കടങ്ങള്. സ്ത്രീ സെമിനാര്‍ ഹാളില്‍ വെച്ച് ഗോപാലകൃഷ്ണപിള്ള ഒരു പ്രസംഗം കേള്‍ക്കുന്നു. സാധാരണക്കാരനായ ഗോപാലകൃഷ്ണപിള്ള പ്രസംഗം ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ പിന്നീടാണ് ലിംഗം എന്ന വാക്ക് അദ്ദേഹം കേട്ടത്. ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് കേട്ടപ്പോള്‍ അദ്ദേഹം ചുളുങ്ങിപ്പോയി. ഒരു സ്ത്രീ ഘോരഘോരമായി പ്രസംഗിക്കുന്നുണ്ടായിരുന്നു. ആ സ്ത്രീക്ക് കോഴിക്കുഞ്ഞിന്റെ ഒച്ചയാണെങ്കിലും കടുവയുടെ ഭാവമായിരുന്നു.
ഈ ലിംഗമാണ് ഇന്ന് നാട് ഭരിക്കുന്നത്. സ്ത്രീയെ കീഴ്പ്പെടുത്തി അവളുടെ മേല്‍ ലൈംഗികമായ അധികാരം സ്ഥാപിക്കുകയാണ് പുരുഷന്. ലിംഗം ഒരു പ്രതീകമാണ് അതാണ് ഇന്നത്തെ ദുഷിച്ച അധികാരവ്യവസ്ഥയുടെ ആണിക്കല്ല്. അച്ചുതണ്ട്. സ്ത്രീയുടെ സ്വത്വത്തിന് മേല്‍ ലൈംഗികമായ അധീശത്വം സ്ഥാപിക്കുകയാണ് പുരുഷന്. ഓരോ പുരുഷനും റേപ്പിസ്റ്റാണ്. ആക്രമിച്ചു കീഴടക്കനാണ് അവന് വാസന. ഒരു സ്ത്രീയും പുരുഷനെ ആഗ്രഹിക്കുന്നില്ല. അവള് അവന് കീഴ്പ്പെടുന്നത് നിവൃത്തികേടുകൊണ്ടാണ്. സ്ത്രീയുടെ ലൈംഗിതത അവനുള്ള ഒരു ഔദാര്യവും സൗജന്യവുമാണ്. വായ്നാറ്റവും വിയര്‍പ്പുനാറ്റവും സഹിച്ചു തളരാത്ത ഏത് സ്ത്രീയാണ് ഈ സംസ്ഥാനത്തുള്ളത്?
ഇതെല്ലാം ആ പ്രസംഗത്തിലെ പ്രധാന ആശയങ്ങളാണ്. ഈ സ്ത്രീകളുടെ വീട്ടില്‍ ആണുങ്ങളാരുമില്ലേയെന്ന് ഗോപാലകൃഷ്ണപിള്ള സ്വയം ചോദിക്കുന്നു. ഇന്നത്തെ അധികാരവ്യവസ്ഥയുടെ അച്ചുതണ്ട് പുരുഷലിംഗമാണെന്നും അതടിച്ചൊടിക്കേണ്ട കാലം അതിക്രമിച്ചെന്നും ആ സ്ത്രീകള്‍ പ്രസംഗിക്കുന്നു. പെണ്ണുങ്ങളെ പഠിപ്പിക്കുന്നതാണ് ഈ പ്രശ്നത്തിനെല്ലാം കാരണമെന്നും അവരെ വീട്ടില്‍ നിന്ന് പുറത്തേക്ക് വിടുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ഗതി ഉണ്ടായതെന്നും ഗോപാലകൃഷ്ണപിള്ള പറയുന്നു.
വീട്ടിലെത്തിയ ഇദ്ദേഹം ഭാര്യയെ ഉപദ്രവിച്ച് തന്റെ പഴയ പ്രേമഭാജനത്തെ കാണാന്‍ പോകുന്നു. അവളോട് പ്രസംഗത്തിന്റെ കാര്യം വിവരിക്കുന്നു. ആണുങ്ങള് വളരെ മോശപ്പെട്ടവരാണെന്നായിരുന്നു അവളുടെ മറുപടി. ഒരു പുരുഷനില്‍ നിന്നും തനിക്ക് സന്തോഷം കിട്ടിയിട്ടില്ലെന്നും അവരെല്ലാം കാശുതരുന്നതുതന്നെ സന്തോഷമെന്നും അവള് പറഞ്ഞു. ഇതുകേട്ട ഗോപാലകൃഷ്ണപിള്ള അവിടെ നിന്നും ഇറങ്ങിപ്പോകുന്നു.
അദ്ദേഹം വഴിനീളെ സ്ത്രീകളെ തെറി പറഞ്ഞുകൊണ്ടുനടക്കുന്നു. സെമിനാര്‍ ഹാളില്‍ പ്രസംഗിച്ച സ്ത്രീകളുടെ അച്ഛന്മാരെയും ഭര്ത്താക്കന്മാരെയും ഷണ്ഡന്മാര് എന്നാക്ഷേപിക്കുന്നു. ഇങ്ങനെ എല്ലാംകൊണ്ടും നിരാശനായിരിക്കുന്ന ഗോപാലകൃഷ്ണപിള്ളയുടെ അടുത്തേക്കു ഒരു ചെറുപ്പക്കാരന് വരുന്നു. പ്രസംഗത്തിന്റെ കാര്യം അവനോടും പറയുന്നു. മാത്രവുമല്ല അതെല്ലാം പോക്രിത്തരമല്ലെയെന്നും ചോദിക്കുന്നു. അപ്പോള്‍ പയ്യന് അവന് കുറെ കാശുണ്ടാക്കി ഓപ്പറേഷന് നടത്തി ഒരു പെണ്ണായാല്‍ മതി എന്നു പറയുന്നു. മാത്രവുമല്ല പെണ്ണായാല്‍ തന്നെ കല്ല്യാണം കഴിക്കുമോ എന്നും ആ പയ്യന് ചോദിക്കുന്നു. ഇവിടെ ഗോപാലകൃഷ്ണപിള്ള തന്റെ സ്വവര്ഗ്ഗസങ്കടങ്ങളില് മുഴുകി ആകെ അസ്വസ്ഥനായിരിക്കുകയാണ്. തന്നോട് അനുകൂലിക്കുന്ന ആരെയും അദ്ദേഹം കാണുന്നില്ല.
വാണിഭം എന്ന കഥ വ്യത്യസ്തമായ ഒരു അനുഭവമാണ് പ്രതിപാദിക്കുന്നത്. വഞ്ചിക്കപ്പെടുന്ന സ്ത്രീകളില്‍ ചിലര്‍ ഫെമിനിസ്റ്റുകളാവാം; മറ്റുചിലര്‍ വ്യഭിചാരിണികളാവാം. ചുരുക്കം ചിലര്‍ സന്യാസിനികളും എഴുത്തുകാരികളും ആവാം. ഇത്തരമൊരു അവസ്ഥയാണ് വാണിഭമെന്ന കഥയ്ക്ക് ആധാരമായി സ്വീകരിച്ചിരിക്കുന്നത്. ഈ കഥയിലെ സ്ത്രീ വ്യഭിചാരിണിയാവാന് തന്നെ തീരുമാനിച്ചിരിക്കുന്നു.
സുകന്യയ്ക്ക് തന്റെ ഭര്‍ത്താവിനോടുള്ള എതിര്‍പ്പാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അവളെ പ്രേരിപ്പിക്കുന്നത്. അവള് പല
സ്ഥലത്തും പോയി നില്ക്കുന്നു. പക്ഷേ ആരുംതന്നെ സുകന്യയെ ശ്രദ്ധിക്കുന്നില്ല. വ്യഭിചാരം താന്‍ വിചാരിച്ചപോലെ അത്ര എളുപ്പമല്ല എന്നും ഈ രംഗത്തും മത്സരം ഭയങ്കരം തന്നെയാണെന്നും സുകന്യ മനസിലാക്കുന്നു. എന്നാലും സുകന്യ നിരാശപ്പെടുന്നില്ല. അവള് പലരോടും എനിക്ക് വ്യഭിചരിക്കാന്‍ താല്പര്യമുണ്ട്, താങ്കള്‍ക്ക് വിരോധമുണ്ടോ? എന്നു ചോദിക്കുന്നു. പക്ഷേ ആരും തന്നെ തയ്യാറാകുന്നില്ല.
അപ്പോള്‍ സുകന്യ ലോകത്തെ പഴിക്കുന്നു. വെറുതെ നില്‍ക്കുന്നവരെ തട്ടികൊണ്ടുപോയി വാണിഭം ചെയ്യുന്നു. അതുമാത്രമല്ല
ആവശ്യക്കാരെ അവഗണിക്കുകയും ചെയ്യുന്നു. ഈ നിലപാട് സുകന്യയ്ക്ക് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. ഇതെല്ലാം നോക്കി നിന്ന ഒരാള്‍ സുകന്യയെ നോക്കി ചിരിച്ച് ആരെയും കിട്ടിയില്ലേ എന്ന് പരിഹസിക്കുന്നു. അപ്പോള്‍ ഇല്ല പോരുന്നോ കൂടെ എന്ന് സുകന്യ അയാളെ വെല്ലുവിളിക്കുന്നു. അയാള്‍ ആ വെല്ലുവിളി ഏറ്റെടുത്ത് സുകന്യയോടൊന്നിച്ച് ലോഡ്ജിലേക്കു പോകുന്നു. അപ്പോഴാണ് അയാള്‍ ഒരു ഇംപൊട്ടന്റ് ആണെന്ന് സുകന്യ അറിയുന്നത്.
ഇതറിഞ്ഞ സുകന്യ നിരാശയായി. മാത്രവുമല്ല അവള്‍ക്ക് അയാളോട് കൂടുതല്‍ സഹതാപവും താല്പര്യവും തോന്നി. സുകന്യയ്ക്ക് അയാളോടൊന്നിച്ച് ജീവിക്കണമെന്നും തോന്നി പോയി. പക്ഷേ അയാള്‍ അവളെ വീട്ടിലേക്കു തന്നെ തിരിച്ചയക്കുന്നു. സമൂഹത്തിലെ അവസ്ഥയാണ് വാണിഭം എന്ന കഥയിലൂടെ മീര നമുക്ക് വ്യക്തമാക്കിതരുന്നത്.
മീരയുടെ സോളോഗോയ്യ എന്ന കഥ ഇന്നത്തെ മലയാള കഥയുടെ വിമോചന ചിഹ്നമായിത്തീരാന് പര്യാപ്തമായ കഥയാണ്. പാഴ്വാക്കായിത്തീര്ന്ന മലയാളത്തനിമയില്‍ നിന്നും, മലയാളത്തിന്റെ നിര്‍ബന്ധിത ഭാവുകതകളില് നിന്നും, പരമ്പരാഗത കഥാഖ്യാനത്തിന്റെ സ്തംഭിച്ച മനുഷ്യബന്ധക്കുരുക്കുകളില് നിന്നും, കഥയ്ക്ക് എങ്ങനെ പറന്നുയരാന്‍ കഴിയും എന്നതിന്റെ ഏറ്റവും പുതിയതും ശക്തവുമായ അടയാളമാണു സോളോഗോയ്യാ. ചരിത്രവും ജീവചരിത്രവും വസ്തുതകളും ഭാവനയുടെ മാന്ത്രികവെളിച്ചത്തില്‍ അദ്ഭുതരൂപങ്ങളും അര്‍ഥങ്ങളും
കൈകൊള്ളുന്നു. മലയാളകഥയുടെ അംഗീകൃത സ്വഭാവങ്ങളെത്തന്നെ ഈ കഥ അട്ടിമറിക്കുന്നു.
ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ എന്ന കഥയില്‍ രണ്ട് ഏകാന്തതകള്ക്കിടയിലെ വിശുദ്ധി, പ്രേമം എന്നിവയും രണ്ട് ജന്മങ്ങള്ക്കിടയിലെ ആനന്ദം, മരണം എന്നിവയെയുംപറ്റിയാണ് പ്രതിപാദിപ്പിക്കുന്നത്. സത്യനും നൂര്‍ജഹാനുമാണ് ഇതിലെ രണ്ട് ജന്മങ്ങള്. നൂര്‍ എന്ന കഥാപാത്രം തട്ടിതെറിപ്പിച്ച അഹന്തയായിരുന്നു ഏകാന്തത. കഥയുടെ അവസാനത്തില്‍ സത്യനെന്ന കഥാപാത്രം അതു മനസിലാക്കുന്നു. കളരിമറ്റത്തു കത്തനാര് എന്ന കഥയില്‍ കളരിമറ്റത്തു കത്തനാര് വനിതാപിശാചിന്റെ ആവാഹനത്തിനും ഉച്ചാടനത്തിനുമൊരുങ്ങിയ സംഭവമാണ് പ്രതിപാദിക്കുന്നത്.
ഫാന്റസിപാര്ക്കില് നിന്നും ഗര്ഭഫാന്റസി ലഭിക്കുന്ന ശ്രീകുമാരിയമ്മയുടെ അവസ്ഥകളാണ് പിന്നെ സസ്സന്ദേഹവുമായിടും എന്ന കഥയില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ആനപ്പുരയ്ക്കല്‍ കേശവപിള്ള മകന് എന്ന കഥയില്‍ കേശവപ്പിള്ള ആന്റണി ഒരു പ്രേമത്തിലകപ്പെടുന്നതാണ് പറയുന്നത്. കഥയിലെ നായിക ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. പക്ഷേ കേശവപിള്ള ആന്റണി തന്റെ പ്രേമകാര്യം നോട്ടീസുമുഖേന നാട്ടുകാരെ അറിയിക്കുന്നു. അതിനുശേഷം താന്‍ ചെയ്ത കുറ്റത്തിന് എന്തു ശിക്ഷ വേണമെങ്കിലും സ്വീകരിക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് ഒരു പരാതി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുന്നു. ഈ സംഭവങ്ങളെല്ലാമാണ് ഈ കഥയില്‍ പ്രധാനമായി വരുന്നത്.
ആട്ടുകട്ടില്‍ എന്ന കഥയില്‍ മുത്തശ്ശിയുടെ ഓര്‍മ്മകളുമായി കഴിയുന്ന ഒരു പെണ്‍കുട്ടിയെയാണ് ചിത്രീകരിക്കുന്നത്. ഈ പെണ്‍കുട്ടി മന്ത്രവാദിയെ നേരിടുന്നതാണ് ഇവിടെ പ്രധാനമായി പ്രതിപാദിക്കുന്നത്.
മലയാളത്തിലെ കഥയെഴുത്തിന്റെ ഉത്കൃഷ്ടമായ പാരമ്പര്യത്തിലാണ് ഈ കഥകള്‍ നിലനില്‍ക്കുന്നത്. കാരുണ്യത്തില്‍നിന്നും വിരിയുന്ന നര്‍മ്മം ഈ കഥകള്‍ക്ക് വേറിട്ട ഒരിടം നല്‍കുന്നുണ്ട്.
കഥാപാത്രങ്ങളുടെ സവിശേഷതകള്‍
മീരയുടെ കഥാപാത്രങ്ങളെല്ലാം സവിശേഷമായ സ്വഭാവവും അവസ്ഥയും ഉള്ളവരാണ്. ആ കഥാപാത്രങ്ങളെ മീര അവരുടെ സവിശേഷകളനുസരിച്ച് ചിത്രീകരിച്ചിരിക്കുന്നു.
ശൂര്‍പ്പണഖ പുരുഷന് സ്വന്തമായ അഹന്തയുടെ ഇടങ്ങളില്‍ സ്വന്തം ആത്മാഭിമാനത്തിന് മുറിവേറ്റിട്ടും വെല്ലുവിളിയിലൂടെ പിടിച്ചുനിന്ന രാമായണത്തിലെ കഥാഹേതുവിന് വഴിത്തിരിവാകുന്ന കഥാപാത്രം. ശൂര്‍പ്പണഖ രാക്ഷസിയായിട്ടുപോലും സഹതാപമര്‍ഹിക്കുന്ന കഥാപാത്രമാണ്. പി. പി. അനഘ എന്ന കെ. ആര് മീരയുടെ കഥാപാത്രവും ശൂര്‍പ്പണഖ എന്നുതന്നെ വിളിക്കുന്ന സ്വന്തം വിദ്യാര്‍ത്ഥികളോട് പ്രതികരിക്കുന്നില്ല. അതേസമയം, പുരുഷന്റെ അശ്ലീലചുവയോടെ ഫെമിനിസ്റ്റായ അധ്യാപികയോട് ബേണ്‍ ദി ബ്രാ പ്രസ്ഥാനത്തെക്കുറിച്ച് ചോദിക്കുന്ന വിദ്യാര്‍ത്ഥിയോട് വളരെ വ്യക്തമായിതന്നെ പ്രതികരിക്കുന്നുണ്ട്. ബ്രസ്റ്റ് ക്യാന്‍സര്‍ ബാധിച്ച പി. പി. അനഘ എന്ന കഥാപാത്രം ആ രോഗാവസ്ഥയില്‍ കൂടി ഒരു സംതൃപ്തി കണ്ടെത്തുന്നുണ്ട്. ഒരു അമ്മയാവുക എന്നത് ഭാര്യയാവുന്നതില്നിന്നും തീര്‍ത്തും വ്യത്യസ്തമാണെന്ന് കഥാപാത്രം വ്യക്തമാക്കുന്നു. അമ്മയുടെ പാല് തരുമോ എന്ന മകളുടെ ചോദ്യത്തെ കഥാപാത്രം ധീരമായി തന്നെ നേരിടുന്നുണ്ട്. സ്ത്രീ എന്നത് വെറുമൊരു പീഡനവസ്തുവല്ലെന്ന തിരിച്ചറിവ് ഈ കഥാപാത്ര ചിത്രീകരണത്തിലൂടെ കഥാകാരി വ്യക്തമാക്കുന്നു.
മോഹമഞ്ഞയിലെ കഥാപാത്രങ്ങള്‍ ജീവിതം ആസ്വാദിക്കാനുള്ള കഴിവ് രോഗം മൂലം നഷ്ടപ്പെടുന്നവരാണ്. സമൂഹത്തെ കുറിച്ചുള്ള ഭയമാണ് കഥാപാത്രങ്ങളില്‍ രോഗമായി അവതരിക്കുന്നത്. ഈ കഥാപാത്രങ്ങള്‍ ആശുപത്രിയില്‍ വച്ചാണ് പരസ്പരം കാണുന്നത്. അവള് രോഗിണി; അയാള്‍ രോഗി. എന്നിരുന്നാലും ലൈംഗികത്വത്തിന്റെ മാന്ത്രികശക്തിക്കുമുമ്പില് രണ്ടുപേരും വിധേയരാകുന്നു. കണ്ടുമുട്ടിയ ആ ഒരു ദിവസത്തെ പരിചയം മാത്രമേ അവര്‍ തമ്മിലുള്ളൂ. എങ്കിലും അവര്‍ ഒരുമിക്കുന്നു. അതിനുശേഷം ഒരാഴ്ചകഴിഞ്ഞപ്പോള് അവള് അയാളുടെ മരണവാര്ത്തയറിയുന്നു. അവളുടെ രോഗം പകര്‍ന്നു കിട്ടിയതാണ് അയാളുടെ മരണത്തിന് കാരണം. മണിക്കൂറില്‍ അറുപതു നാഴിക വേഗത്തില്‍ പോകുന്ന തീവണ്ടി പാലത്തില്‍ കയറിയാല്‍ മന്ദഗതിയാര്ജിക്കുമല്ലോ. ആ മന്ദഗതിയാണ് ഈ കഥയിലെ ആഖ്യാനത്തിന് സ്വീകരിച്ചിരിക്കുന്നത്. (എം. കൃഷ്ണന്‍നായര്‍: 2004:10)
സ്വവര്സങ്കടങ്ങള് എന്ന കഥയിലെ കഥാപാത്രം ഒരു മൈക്ക് ഓപ്പറേറ്ററാണ്. ഈ കഥാപാത്രം തന്റെ ഭാര്യയോടും കുട്ടികളോടും എപ്പോഴും ദേഷ്യപ്പെടുന്ന ഒരു പ്രകൃതക്കാരനാണ്. തന്റെ പ്രേമഭാജനത്തെക്കുറിച്ചോര്ക്കുമ്പോഴുള്ള സന്തോഷം സ്വന്തം ഭാര്യയെക്കുറിച്ചോര്ക്കുമ്പോള് കഥാപാത്രത്തിന് ഉണ്ടാകുന്നില്ല. അതേ സമയം ഭാര്യയെക്കുറിച്ചോര്ക്കുമ്പോള് അരിശവും വായില്‍ തെറിയുമാണ് വരുന്നത്. ഈ കഥാപാത്രം സ്ത്രീകളുടെ ഒരു പ്രസംഗം കേള്‍ക്കാനിടയാവുന്നു. ആ പ്രസംഗത്തില്‍ ലിംഗം എന്ന വാക്ക് കേട്ട ആ കഥാപാത്രം വളരെ അസ്വസ്ഥനാകുന്നു. ആ പ്രസംഗം പുരുഷന്മാരെ അവഗണിച്ചുകൊണ്ടുള്ളതായിരുന്നു. ആ പ്രസംഗം കേള്‍ക്കാന്‍ പുരുഷനായി കഥാപാത്രം മാത്രമേയുള്ളു. അതുകൊണ്ടുതന്നെ ആ അപമാനം കഥാപാത്രത്തിനു സഹിക്കാനായില്ല. എല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയിട്ടും കഥാപാത്രത്തിന്റെ അസ്വസ്ഥത മാറിയില്ല.
വീട്ടുകാര്യങ്ങളെല്ലാം കഥാപാത്രത്തിന്റെ ഭാര്യയാണ് നടത്തുന്നത്. സ്ത്രീധന പ്രശ്നമാണ് ഇതിന് ആധാരമായി കഥാപാത്രം മുന്നോട്ട് വെയ്ക്കുന്നത്. പണ്ടൊക്കെ പെണ്ണുങ്ങള് ഇമ്മാതിരി പെരുമാറുമോ? ലിംഗമെന്നു പരസ്യമായി പറയുമോ? ആണുങ്ങളെ ആക്ഷേപിക്കുമോ? ഇവളോടൊക്കെ എന്തു തെറ്റുചെയ്തു, ആണുങ്ങള്? എന്നൊക്കെ കഥാപാത്രം ചിന്തിച്ചുപോകുന്നു. തന്റെ ഭാര്യയെ കണ്ടപ്പോള്‍, പ്രസംഗിച്ച സ്ത്രീകളേക്കാള്‍ ഭേദം തന്റെ ഭാര്യയാണെന്ന് കഥാപാത്രം മനസ്സിലാക്കുന്നു. ഭാര്യയും പ്രേമഭാജനവും പ്രസംഗത്തോടു അനുകൂലിച്ചപ്പോള്‍ കഥാപാത്രത്തിന് അതുള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കഥാപാത്രത്തിന് സ്ത്രീകളെ പറ്റിയുള്ള പ്രതീക്ഷകളെല്ലാം നശിക്കുകയും ചെയ്തു. സ്ത്രീകള്‍ താന്‍ വിചാരിച്ചതുപോലെയൊന്നുമല്ല എന്ന സത്യവും അയാള്‍ മനസ്സിലാക്കി. വഴിയിലൊക്കെ പുരുഷന്മാരെ കാണുന്ന കഥാപാത്രത്തിന് അവരോടെല്ലാം. വല്ലാത്ത അനുതാപവും സഹതാപവും തോന്നുന്നു. കഥാപാത്രം സ്വവര്ഗ്ഗസങ്കടങ്ങളെപ്പറ്റി ചിന്തിച്ച് വല്ലാതെ അസ്വസ്ഥാനാകുന്നു.
വാണിഭം എന്ന കഥയിലെ സുകന്യ മറ്റൊരു പ്രധാനകഥാപാത്രമാണ്. ഈ കഥാപാത്രം വഞ്ചിക്കപ്പെട്ടു എന്നു കരുതി സ്വയം വ്യഭിചാരിണിയാവാന് തീരുമാനിക്കുന്നു. തന്റെ ഭര്‍ത്താവിന് ലൈംഗികതയില്‍ താത്പര്യമില്ലെന്ന വിശ്വാസമാണ് കഥാപാത്രത്തെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ വ്യഭിചാരം അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ല എന്ന് കഥാപാത്രത്തിന് ബോധ്യമാകുന്നു. കഥാപാത്രം പല പുരുഷന്മാരെയും വ്യഭിചരിക്കാനായി വിളിക്കുന്നു. പക്ഷേ ആരും അതില്‍ താല്പര്യം കാണിച്ചില്ല. അപ്പോഴാണ് കഥാപാത്രം ലോകത്തിന്റെ അവസ്ഥയെപ്പറ്റി ചിന്തിക്കുന്നത്. പക്ഷേ അവസാനനിമിഷത്തില്‍ ഒരാള്‍ കഥാപാത്രത്തോട് യോജിക്കുന്നു. പക്ഷേ അയാള്‍ക്ക് കഴിവില്ലായിരുന്നു. ഈ കഥാപാത്രം ഇന്നത്തെ സമൂഹത്തിന്റെ അവസ്ഥയാണ് കാണിക്കുന്നത്. പുരുഷന്മാര് സ്ത്രീകളെ തേടിപ്പോകുന്നതുപോലെ തന്നെ തിരിച്ചും സംഭവിക്കുന്നുണ്ടെന്ന് ഈ കഥാപാത്രത്തിലൂടെ മീര വ്യക്തമാക്കിത്തരുന്നു.
ആനപ്പുരയ്ക്കല്‍ കേശവപ്പിള്ള മകന് എന്ന കഥയില്‍ പ്രേമത്തിലേര്പ്പെടുന്ന കേശവപിള്ള ആന്റണിയും, ആട്ടുകട്ടില്‍ എന്ന കഥയിലെ മുത്തശ്ശിയുടെ ഓര്‍മ്മകളുമായി മന്ത്രവാദിയെ നേരിടുന്ന പെണ്ണും, കളരിമറ്റത്ത് കത്തനാര് എന്ന കഥയിലെ വനിതാപിശാചുമായി സന്ധി പറയുന്ന കത്തനാരും, ഫാന്റസി പാര്‍ക്കില്‍ നിന്നു ഗര്ഭഫാന്റസി ലഭിക്കുന്ന ശ്രീകുമാരിയമ്മയും, കുറ്റവാളി സത്യനും തളര്‍ന്നുപോയ കാമുകി നൂറും മറ്റു ചില കഥാപാത്രങ്ങളാണ്.
കൃഷ്ണഗാഥ എന്ന കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ കൃഷ്ണയും അവള്‍ക്ക് ട്യൂഷന് കൊടുക്കുന്ന നാരായണന്‍കുട്ടിയുമാണ്. സര്‍പ്പയജ്ഞം എന്ന കഥയില്‍ പ്രധാനമായി വരുന്നത് പാമ്പാണ്. ഈ കഥയില്‍ കഥാപാത്രത്തിന്റെ ജാരനായി പാമ്പിനെ ചിത്രീകരിക്കുന്നു. മച്ചകത്തെ തച്ചനില്‍ അച്ഛനെന്ന കഥാപാത്രത്തെ തച്ചനോട് ഉപമിക്കുന്നു. ഇതിലെ കേന്ദ്രകഥാപാത്രം മകളാണ്. ഓര്‍മ്മയുടെ ഞരമ്പ് എന്ന കഥയില്‍ പ്രധാന കഥാപാത്രം ഒരു അമ്മൂമ്മയാണ്. ഈ കഥ മീരയുടെ ജീവിതത്തില്‍ നിന്നു പകര്ത്തിയതായതുകൊണ്ട് മീരയും ഇതില്‍ പ്രധാന കഥാപാത്രമായി വരുന്നു. അലിഫ് ലെയ്ല എന്ന കഥയിലെ കേന്ദ്രകഥാപാത്രം ഷഹറാസാദ് ആണ്. ഈ കഥാപാത്രം തന്റെ കുടുംബത്തെ രക്ഷിക്കാനായി സ്വയം
തിരക്കഥാകൃത്താവുന്നു. പ്രൊഡ്യൂസര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്, തിരക്കഥാകൃത്തുക്കള്‍ എന്നിവരൊക്കെ മറ്റു കഥാപാത്രങ്ങളാണ്. ടെററിസ്റ്റ് എന്ന കഥയിലെ കേന്ദ്രകഥാപാത്രം അനന്തനാണ്. ഇവിടെ കഥാപാത്രത്തെ ടെററിസ്റ്റായി തെറ്റിദ്ധരിക്കപ്പെടുന്നു. കഥാപാത്രത്തിന്റെ ഭാര്യ രാധികയും അച്ചായനും എല്ലാം ഇതിലെ മറ്റു കഥാപാത്രങ്ങളാകുന്നു. ഒറ്റപ്പാലം കടക്കുവോളം എന്ന കഥ വൃദ്ധനായ കഥാപാത്രത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളുമാണ്. ഈ കഥാപാത്രം നല്ലൊരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. ബാലഗംഗാധരന്‍ നായര്‍, ലിങ്കണ്
എബ്രഹാം വട്ടക്കുന്നേല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
വ്യക്തിപരമായ ഒരു പൂച്ച എന്ന കഥയില്‍ കേന്ദ്ര കഥാപാത്രമായ സുചിത്രയെ പൂച്ചയോട് ഉപമിക്കുന്നു. സുചിത്രയെക്കൂടാതെ രാമദാസ് എന്ന കഥാപാത്രമാണ് ഇതില്‍ പ്രധാനമായി വരുന്നത്. അര്‍ദ്ധരാത്രികളില്‍ ആത്മാക്കള്‍ എന്താണ് ചെയ്യുന്നത് എന്ന് സരള എന്ന കഥാപാത്രത്തിലൂടെ വിവരിക്കുന്നു. സരള എന്ന ഹെഡ്മിസ്ട്രസും അവരുടെ ഭര്‍ത്താവുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. അവരുടെ ഉള്ളിലാണ് ആത്മാക്കള്‍ സ്ഥിതിചെയ്യുന്നത്. പായിപ്പാട് മുതല്‍ പേസ്മേക്കര്‍ വരെ എന്ന കഥയില്‍ പ്രായമായ കഥാപാത്രങ്ങളാണ് വരുന്നത്. ഹാര്‍ട്ട് അറ്റാക്ക് വരുന്ന സാവിത്രിയമ്മയാണ് ഹൃദയം നമ്മെ ആക്രമിക്കുന്നു എന്ന കഥയിലെ കേന്ദ്രകഥാപാത്രം. ഈ കഥാപാത്രം എല്ലായ്പ്പോഴും ഹാര്‍ട്ട് അറ്റാക്ക് വരാന്‍വേണ്ടി പ്രാര്‍ത്ഥിക്കുന്നു. രാഘവന് പിള്ള എന്ന കഥാപാത്രം സാവിത്രിയമ്മയുടെ ഭര്‍ത്താവാണ്. രമക്കുട്ടി, സുമക്കുട്ടി, രാജേന്ദ്രന്, സുരേന്ദ്രന്, സുമക്കുട്ടിയുടെ ഭര്‍ത്താവ് ശേഖരന് എന്നിവരാണ് ഈ കഥയിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.
മരിച്ചവളുടെ കല്ല്യാണം എന്ന കഥയിലെ കേന്ദ്രകഥാപാത്രത്തെ അവള് എന്നാണ് പറയുന്നത്. ഈ കഥാപാത്രത്തിന്റെ കല്ല്യാണമാണ് ഇവിടെ പ്രതിപാദിക്കുന്നത്. മാഷ്, അച്ഛന്, അമ്മാവന് എന്നിങ്ങനെയുള്ള കഥാപാത്രങ്ങളും കേന്ദ്രകഥാപാത്രത്തെ കല്ല്യാണം കഴിക്കാന്‍ പോകുന്ന വരനും ഇതിലെ കഥാപാത്രങ്ങളാണ്.
മലയാള കഥാസാഹിത്യത്തിന്റെ ശ്രദ്ധേയമായ ഒരു ശബ്ദമാണ് മീരയുടെ കഥകള്‍. കഥയും കഥാപാത്രങ്ങളും മാറുന്നതിനനുസരിച്ച് വ്യത്യസ്തമായ വിവക്ഷകളാണ് കഥാകാരി കാമത്തിന് നല്‍കുന്നത്. മീര എല്ലാം തുറന്നെഴുതുന്ന ഒരു കഥാകാരിയാണ്. രോഗം, പ്രണയം, ലൈംഗികത എന്നിവയെല്ലാം ഈ കഥാകാരി മുഖ്യപ്രമേയമായി ആവിഷ്കരിക്കുന്നു. സമകാലീനരായ മറ്റു പല എഴുത്തുകാരും ആവിഷ്കരിക്കാന്‍ ധൈര്യം കാണിക്കാത്ത മേഖലകളും മീര ആവിഷ്കരിക്കുന്നു.
സ്ത്രീയുടെ സ്വതന്ത്രമായ ശബ്ദത്തെ അമര്‍ച്ച ചെയ്യുന്നതിന് പുരുഷന്മാര് എന്നും ഉപയോഗിച്ചുവരുന്നത് എന്നതിനാലാണ് ലൈംഗികത കഥാകാരികളുടെ മുഖ്യപ്രമേയമായി വരുന്നത്. സ്വന്തം ആത്മാവിന്റെ സ്വരം കേള്‍പ്പിക്കുന്നതിന് അവര്‍ക്ക് ആദ്യം നീക്കം ചെയ്യേണ്ടത് ലൈംഗികമായ തുറന്നുപറയലിനുള്ള വിലക്കുകളെയാണ്. പുരുഷകേന്ദ്രീകൃതമായ ലൈംഗികതയില്‍ മീരയും ഒരു പൊളിച്ചെഴുത്ത് നടത്തുന്നുണ്ട്. അതൊടൊപ്പം തന്നെ നമ്മുടെ ലാവണ്യബോധത്തെയും പൊളിച്ചെഴുതുന്നു.
മീരയുടെ കഥകളെല്ലാതന്നെ വ്യത്യസ്തമായ ആശയങ്ങളാണ് പങ്കുവെയ്ക്കുന്നത്. കാലികപ്രസക്തിയുള്ള കഥകളാണ് മീര ആവിഷ്കരിക്കുന്നത്. അതുകൊണ്ടുതന്നെ അവ ശ്രദ്ധിക്കപ്പെടുന്നവയാണ്. എന്തും തുറന്നെഴുതാനുള്ള ധൈര്യം ഈ കഥാകാരി പ്രകടിപ്പിക്കുന്നുണ്ട്. സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ കഥാകാരി കഥകളിലൂടെ ചിത്രീകരിക്കുന്നു. അവതരണരീതിയിലെ വൈവിധ്യവും നര്‍മ്മബോധവും രാഷ്ട്രീയബോധവും കൊണ്ട് തഴക്കം വന്ന ഒരു എഴുത്തുകാരിയുടെ ദാര്‍ഢ്യം കുറച്ചെങ്കിലും പ്രകടമാക്കുന്നത് കെ. ആര് മീരയുടെ കഥകളിലാണ്. ആവേ മരിയ, ഒറ്റപ്പാലം കടക്കുവോളം തുടങ്ങിയ കഥകള്‍ ഉദാഹരണമാണ്.
ഏത് സംഭവവും പച്ചയായും ലളിതമായും ആവിഷ്കരിക്കാനുള്ള കഴിവ് ഈ കഥാകാരിയ്ക്കുണ്ട്. വര്ത്തമാനസംഭവങ്ങള്ക്കു പ്രാധാന്യം നല്കുന്ന കഥകളായതുകൊണ്ട് അവ സമൂഹത്തിന്റെ പൊതുമണ്ഡലങ്ങളിലേയ്ക്കാണ് നമ്മുടെ ദൃഷ്ടിയെ നയിക്കുന്നത്. മോഹമഞ്ഞ, വാണിഭം, സ്വവര്‍ഗ്ഗസങ്കടങ്ങള്‍ തുടങ്ങിയ ഉദാഹരണങ്ങള്‍.
കടപ്പാട്: http://malayal.am

Casinos Near Penn National Race Course in PA - MapyRO
ReplyDeleteFind Casinos Near 광주 출장안마 Penn National Race Course in Pennsylvania 충청북도 출장마사지 in real-time and 대구광역 출장샵 see 정읍 출장샵 activity. 속초 출장안마 Zoom in or zoom in real-time.