വായനക്കാരാണ് എന്‍െറ വഴികാട്ടികള്‍
- കഥയെഴുത്തില്‍ പത്തു വര്‍ഷം പിന്നിടുകയാണ്. എഴുത്തുകാരിയായി ജീവിക്കാന്‍ തീരുമാനിച്ചതില്‍ അഭിമാനം തോന്നുന്നുണ്ടോ?
lപത്തുവര്‍ഷം മുമ്പ് 2001 ജനുവരി ഒന്നിന് ‘സര്‍പ്പയജ്ഞം’ എന്ന കഥ അച്ചടിച്ചുവന്ന ദിവസം എനിക്ക് അനുഭവപ്പെട്ടത് സന്തോഷമല്ല, കടുത്ത ജാള്യമാണ്. പക്ഷേ, ഇപ്പോള്‍ ‘ആരാച്ചാര്‍’ എന്ന നോവല്‍ എഴുതിത്തീരുമ്പോള്‍ എനിക്ക് വളരെ ആഹ്ളാദമുണ്ട്. ‘സര്‍പ്പയജ്ഞം’ എന്‍െറ അറിവില്ലാതെ ഭര്‍ത്താവ് പ്രസിദ്ധീകരണത്തിന് അയച്ചുകൊടുക്കുകയായിരുന്നു. അന്ന് എനിക്ക് എഴുത്തുകാരിയായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. പത്രപ്രവര്‍ത്തനരംഗത്ത് എന്‍േറതായ ഒരിടം കണ്ടെത്തുക എന്നു മാത്രമായിരുന്നു ആഗ്രഹം. കഥകളെഴുതിയത് പ്രസിദ്ധീകരിക്കാന്‍വേണ്ടിയായിരുന്നില്ല. അതൊന്നും പ്രസിദ്ധീകരിക്കാന്‍ കൊള്ളുകയില്ളെന്ന് ഞാന്‍ ഉറച്ചുവിശ്വസിച്ചു. പക്ഷേ, തലയില്‍ ആണിയടിച്ച് അടക്കിവെച്ച യക്ഷിയെപ്പോലെയായിരുന്നു എഴുത്ത്. ആണി വലിച്ചൂരിയതോടെ യക്ഷി സ്വതന്ത്രയായി. അതില്‍പിന്നെ അവളെന്നെ വിട്ടൊഴിഞ്ഞുപോയില്ല. അതിനുശേഷം വ്യക്തിജീവിതത്തിലും തൊഴില്‍രംഗത്തുമുണ്ടായ ഓരോ സംഭവവും എഴുത്തുകാരിയെ കൂടുതല്‍ കൂടുതല്‍ സ്വതന്ത്രയാക്കി. പത്തു വര്‍ഷം പിന്നിടുമ്പോള്‍ എന്‍െറ കഥകള്‍ക്ക് മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളിലും വായനക്കാരുണ്ടായി എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. കഥയുടെ ഇംഗ്ളീഷ് വിവര്‍ത്തനം പെന്‍ഗ്വിന്‍ പ്രസിദ്ധീകരിക്കുന്നു. ‘മോഹമഞ്ഞ’യുടെ വിവര്‍ത്തനം ‘ശൂര്‍പ്പണഖ’ എന്ന പേരില്‍ തമിഴില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ‘സര്‍പ്പയജ്ഞം’ എന്ന കഥ തെലുങ്കില്‍ പ്രസിദ്ധീകരിച്ചതായി വിവര്‍ത്തകനായ എല്‍.ആര്‍. സ്വാമി ഇന്നലെ എന്നെ വിളിച്ചുപറഞ്ഞതേയുള്ളൂ. ഇപ്പോഴുള്ള സന്തോഷം പ്രതിഭാശാലികളായ ഒരുപാട് ചെറുപ്പക്കാര്‍ എഴുത്തില്‍ സജീവമായി നില്‍ക്കുന്നകാലത്ത് അവര്‍ക്കിടയില്‍ ഒരിടം കിട്ടി എന്നതും വേറിട്ടുനില്‍ക്കാന്‍ സാധിക്കുന്നു എന്നതുമാണ്.
- ‘ആരാച്ചാര്‍’ എന്ന നോവലിലൂടെ എഴുത്ത് മറ്റൊരു വഴിയിലേക്ക് പ്രവേശിക്കുന്നുവെന്ന് തോന്നുന്നണ്ടോ?
l‘ആരാച്ചാര്‍’ എന്ന നോവല്‍ എഴുത്തുജീവിതത്തിലെ ഒരു നാഴികക്കല്ലാണ് എന്നാണ് എന്‍െറ പ്രതീക്ഷ. ഒന്നാമത്, ‘നേത്രോന്മീലന’ത്തിനുശേഷം ഞാന്‍ ഇത്രയും ദീര്‍ഘമായ ഒരു എഴുത്തുസാഹസത്തിന് മുതിര്‍ന്നിട്ടില്ല. പലവിധ പ്രാരബ്ധങ്ങള്‍ക്കിടയില്‍ ശ്വാസംമുട്ടലോടെ എഴുതിയവയാണ് ‘മീരാസാധു’വും ‘യൂദാസിന്‍െറ സുവിശേഷവും’. ‘ആരാച്ചാര്‍’ എന്നെ സംബന്ധിച്ചിടത്തോളം സാഹസികമാവുന്നത് സമയത്തിന്‍െറയും ഇടത്തിന്‍െറയും പരിമിതികള്‍കൊണ്ടു മാത്രമല്ല, ഭരണകൂടം പൗരന്മാരില്‍ ഓരോരുത്തരെയും ഏതെല്ലാം വിധത്തില്‍ ഉപകാരമാക്കുന്നു എന്നതും പാവപ്പെട്ട മനുഷ്യരെ ‘ശാക്തീകരണം’ എത്രത്തോളം നിസ്സഹായരാക്കുന്നു എന്നതും കൊല്‍ക്കത്തപോലെ ഓരോ മണ്‍തരിയിലും ചരിത്രമുറങ്ങുന്ന ഒരു അപരിചിത ദേശത്തിന്‍െറ പശ്ചാത്തലത്തില്‍ വിവരിക്കുക വലിയൊരു വെല്ലുവിളിയാണ്. എങ്കിലും ബംഗാളിന്‍െറ ചരിത്രം ഇന്ത്യയുടെ ചരിത്രമാണ്. നോവലിനുവേണ്ടി ഞാന്‍ വീണ്ടും കൊല്‍ക്കത്തയില്‍ പോയി. എഴുത്തുകാരിയുടെ കണ്ണുകളിലൂടെയല്ല വായനക്കാരിയുടെ കണ്ണുകളിലൂടെയാണ് ഞാന്‍ കൊല്‍ക്കത്ത കണ്ടത്. അപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി. മലയാളിക്കും തമിഴനും മണിപ്പൂരുകാരനും ബംഗാളിക്കും ഒരുപോലെ ബാധകമായ ഒരു കഥ പറയാന്‍ കൊല്‍ക്കത്തതന്നെയാണ് പറ്റിയ പശ്ചാത്തലം.
- മീരയുടെ ജന്മദേശം കൊല്‍ക്കത്തയല്ല. സ്വന്തം ദേശത്തെക്കുറിച്ചുള്ള ഓര്‍മകള്‍ എന്തൊക്കെയാണ്?
lകൊല്ലം ജില്ലയില്‍ ശാസ്താംകോട്ട എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. ഇരുപതു വയസ്സുവരെ ഞാനവിടെയുണ്ടായിരുന്നു. കടമ്പനാട് ഗേള്‍സ് ഹൈസ്കൂളിലാണ് അഞ്ചാം ക്ളാസ് മുതല്‍ പത്തുവരെ ഞാന്‍ പഠിച്ചത്. ഒരു എഴുത്തുകാരിയെന്ന നിലയില്‍ വലിയ പ്രോത്സാഹനങ്ങളും അംഗീകാരങ്ങളും കിട്ടിയത് ഈ വിദ്യാലയത്തില്‍നിന്നാണ്. എന്‍െറ സ്കൂളിലെ അധ്യാപകരില്ളെങ്കില്‍ ഇന്ന് കാണുന്ന ഞാനില്ല. പിന്നീട്, ശാസ്താംകോട്ട ഡി.ബി കോളജില്‍ ചേര്‍ന്നു. അച്ഛനും അമ്മയും ആ കോളജിലെ അധ്യാപകരായിരുന്നതിനാല്‍ വല്ലാത്തൊരു ശ്വാസംമുട്ടല്‍ അവിടെ ഞാനനുഭവിച്ചിരുന്നു. ഈ കാലത്തിനുശേഷം കൊല്ലം എസ്.എന്‍. വിമന്‍സ് കോളജില്‍ ബി.എസ്സിക്ക് ചേര്‍ന്നു. എന്‍ട്രന്‍സ് പരീക്ഷകളും പ്രഫഷനല്‍ കോഴ്സുകളും കേരളത്തിലെ യുവജനങ്ങളുടെ ജീവിതത്തെ അടയാളപ്പെടുത്തിക്കൊണ്ടിരുന്ന കാലം. എങ്ങനെയെങ്കിലും ഉപജീവനം ഉറപ്പാക്കുകയാണ് ജീവിതത്തിന്‍െറ ലക്ഷ്യവും ആദര്‍ശവുമെന്ന് ധരിച്ചിരുന്ന ഒരു തലമുറ ജന്മംനല്‍കിയ കുട്ടികളായിരുന്നു ഞങ്ങളൊക്കെ. സമ്മര്‍ദങ്ങള്‍നിറഞ്ഞ കാലമായിരുന്നു അത്. വിദ്യാസമ്പന്നരായ മാതാപിതാക്കളായിരുന്നിട്ടുകൂടി പഠനസംബന്ധിയായ പുസ്തകങ്ങള്‍ക്കപ്പുറം വായനയുടെ വലിയ ലോകമൊന്നും മുന്നിലുണ്ടായിരുന്നില്ല. വായനശാലയില്‍ തനിച്ചുപോയി പുസ്തകമെടുക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. കൊല്ലം എസ്.എന്‍ വിമന്‍സ് കോളജിലെത്തിയതോടെയാണ് ഇതിനെല്ലാം ഒരു മാറ്റം സംഭവിക്കുന്നത്. എന്‍.എസ്.എസ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലാണ് ഞാന്‍ താമസിച്ചിരുന്നത്. അന്ന് അവിടെയുണ്ടായിരുന്ന എസ്.ബി.ടി ഉദ്യോഗസ്ഥ നൂര്‍ജഹാനെന്ന നിമ്മിച്ചേച്ചിയും പി.ഇ. ഉഷയുമാണ് എന്‍െറ വായനയെ വിപുലമാക്കിയത്. ലൈബ്രറിയില്‍ പോകാന്‍ നിര്‍ബന്ധിച്ചു. നല്ല സിനിമകള്‍ കാണാന്‍ കൂടെകൂട്ടിയും പുസ്തകങ്ങള്‍ വാങ്ങിത്തന്നും നിമ്മിച്ചേച്ചിയാണ് എന്‍െറ വ്യക്തിത്വ വികാസത്തിന് അടിത്തറയിട്ടത്. നിമ്മിച്ചേച്ചി വാങ്ങിത്തന്ന പുസ്തകങ്ങള്‍ വായിച്ചാണ് ഇംഗ്ളീഷും മലയാളവും നന്നായി കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം ലഭിച്ചത്. ഉണങ്ങിയ ഒരു ചെടിയോട് സൗഹൃദത്തിന്‍െറയും സ്നേഹത്തിന്‍െറയും വെള്ളത്തുള്ളികള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെന്താണെന്ന് അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു. ആ ദിവസങ്ങളില്‍നിന്നാണ് പത്രപ്രവര്‍ത്തനം എന്നൊരാശയം എന്‍െറ മനസ്സിലേക്ക് വരുന്നത്.
- പത്രപ്രവര്‍ത്തനം എന്ന ആശയം ഉടലെടുത്തത് എങ്ങനെയായിരുന്നു?
lഒരേസമയം ഒരു ഉപജീവനമാര്‍ഗവും സാമൂഹികസേവനവും എന്നതായിരുന്നു പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുക എന്നൊരു മോഹം എന്നും മനസ്സിലുണ്ടായിരുന്നു. ജീവിതത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിച്ചുതുടങ്ങിയത് ഡിഗ്രി അവസാന വര്‍ഷമാണ്. അക്കാലത്ത് പത്രപ്രവര്‍ത്തനം വളരെ വൈബ്രന്‍റായിരുന്നു. എണ്‍പതുകളിലെ പത്രപ്രവര്‍ത്തനരംഗവും പ്രസിദ്ധീകരണങ്ങളും ഇന്നത്തെ അപേക്ഷിച്ച് വളരെ സജീവമായിരുന്നു. ഇന്ത്യാ ടുഡേയുടെയും ഫ്രണ്ട്ലൈനിന്‍െറയും പുഷ്കലകാലം. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ വായിച്ചപ്പോള്‍ എനിക്കും ഇതുപോലെ എഴുതാന്‍ പറ്റും, ഇതാണെന്‍െറ വഴി എന്നൊരു തോന്നലുണ്ടായി. വാക്കുകള്‍കൊണ്ടുള്ള വ്യാപാരമാണ് പത്രപ്രവര്‍ത്തനം. ഭാഷകൊണ്ട് ഉപജീവനം നടത്തുകയെന്നത് ഒരു നിശ്ചയമായി മാറുകയായിരുന്നു. എന്‍െറ ഒരു സുഹൃത്തിന്‍െറ ബന്ധു ഗാന്ധിഗ്രാമിനെക്കുറിച്ച് പറഞ്ഞു. ഗാന്ധിയന്‍ തത്ത്വശാസ്ത്രമനുസരിച്ച് ജി. രാമചന്ദ്രന്‍ വിഭാവനംചെയ്ത സര്‍വകലാശാലയാണ് മധുരക്കടുത്തുള്ള ഗാന്ധിഗ്രാം. അവിടത്തെ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസരീതി ഇതൊക്കെ കേട്ടപ്പോള്‍ ഞാന്‍ ആവേശഭരിതയായി. അങ്ങനെയൊരു സ്ഥലത്തുപോയി പഠിക്കാന്‍ അച്ഛന്‍െറ അനുവാദം കിട്ടുക എന്നത് എളുപ്പമായിരുന്നില്ല. നിശ്ചിതമായ, തെളിയിക്കപ്പെട്ട ഒരു വഴിയിലൂടെയല്ലാതെ ജീവിതംവെച്ച് ഒരു പരീക്ഷണത്തിനും അച്ഛന്‍ അനുവദിച്ചിരുന്നില്ല. എന്നിട്ടും ഞാന്‍ ഗാന്ധിഗ്രാമിലെത്തി. ആ ദിനങ്ങള്‍ എന്‍െറ ജീവിതം മറ്റൊന്നാക്കിത്തീര്‍ത്തു. കൊല്ലത്തുനിന്ന് കിട്ടിയ ആത്മവിശ്വാസം വര്‍ധിക്കാന്‍ ഗാന്ധിഗ്രാമിലെ ജീവിതം സഹായകമായി. സമാനമനസ്കരായ ആളുകളെ കാണുന്നു. മറ്റൊരു ലോകവുമുണ്ടെന്ന് തിരിച്ചറിയുന്നു. ആ ലോകം എനിക്കും പോസിബ്ള്‍ ആണെന്നും എന്‍െറ പരിണാമം നോക്കിയാല്‍ അങ്ങേയറ്റം യാഥാസ്ഥികമായ പാരമ്പര്യമൂല്യങ്ങളാല്‍ നയിക്കപ്പെട്ട ഒരാളുതന്നെയായിരുന്നു ഞാനും. പക്ഷേ, ചില പ്രത്യേക സാഹചര്യങ്ങള്‍മൂലം ഒറ്റക്ക് ജീവിതത്തെ നേരിടാന്‍ നിര്‍ബന്ധിതയായി. ഗാന്ധിഗ്രാമിലെ അവസാന ദിവസങ്ങളിലാണ് പത്രപ്രവര്‍ത്തക പരിശീലന പദ്ധതിയിലേക്ക് മലയാളമനോരമ അപേക്ഷ ക്ഷണിച്ചത്. പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ചു. എന്‍െറ ആഗ്രഹം ഇംഗ്ളീഷ് പത്രപ്രവര്‍ത്തനമായിരുന്നു. ജെ.എന്‍.യുവില്‍ പഠിക്കാനും ആഗ്രഹിച്ചിരുന്നു. മനോരമയുടെ പത്രാധിപസമിതിയില്‍ അന്ന് വേറെ സ്ത്രീകളുണ്ടായിരുന്നില്ല. ആദ്യത്തെ വനിതാ പത്രപ്രവര്‍ത്തക എന്നുപറഞ്ഞ് അന്ന് ഞാന്‍ വളരെ ആഘോഷിക്കപ്പെട്ടു. അതില്‍ ഞാന്‍ വീണുപോയി എന്നതാണ് പരമാര്‍ഥം. ഞാന്‍ ഒരു നൂറ്റാണ്ടു നീണ്ട ചരിത്രത്തിന്‍െറ ഭാഗമാവുകയാണെന്നും പരാജയപ്പെട്ടാല്‍ എല്ലാ സ്ത്രീകള്‍ക്കും അതൊരു അപമാനമാകുമെന്നൊക്കെ അക്കാലത്ത് ഞാന്‍ ധരിച്ചു. മലയാള പത്രപ്രവര്‍ത്തനരംഗത്ത് അംഗീകരിക്കപ്പെടാന്‍ ഞാന്‍ കഠിനമായി അധ്വാനിച്ചു.
- കഥ എഴുതണമെന്ന ആഗ്രഹം എപ്പോഴാണ് ഉണ്ടായത്?
lകുട്ടിക്കാലത്തുതന്നെ ഭാവനയുടെ ഒരു അഡിക്ടായിരുന്നു ഞാന്‍. എന്‍േറതായ എല്ലാ നിരാശകളെയും അസംതൃപ്തികളെയും ഞാന്‍ മറികടന്നിട്ടുള്ളത് സ്വകാര്യമായ ഒരു ഭാവനാലോകം മനസ്സില്‍ സൃഷ്ടിച്ചുകൊണ്ടാണ്. വളരെ ചെറുപ്പത്തിലേ എഴുത്തു തുടങ്ങിയെന്നുവേണം പറയാന്‍. നമുക്ക് ചുറ്റുംകാണുന്ന, നമ്മളെ വേദനിപ്പിക്കുന്ന ആളുകളെ അവരല്ലാതാക്കി മാറ്റുന്നതരത്തില്‍ എന്‍െറതന്നെ ജീവിതം ഞാന്‍ അഴിച്ചുപണിയുമായിരുന്നു. കുറച്ച് ബോധപൂര്‍വമായ അഴിച്ചു പണിയാണിത്. ചിലപ്പോള്‍ നമ്മുടെ ഉള്ളിലുള്ള നിയന്ത്രിക്കാന്‍ കഴിയാത്ത ത്വരയുടെ ഭാഗമായും ഇങ്ങനെ സംഭവിക്കാം. കുട്ടിക്കാലത്ത് അമ്മ റഷ്യന്‍ ബാലകഥകള്‍ വായിച്ചുകേള്‍പ്പിക്കുമായിരുന്നു. കോഴിക്കുഞ്ഞിനുപോലും എത്ര ഭംഗിയുണ്ടെന്ന് ആ ചിത്രങ്ങള്‍ കാണുമ്പോഴാണ് മനസ്സിലാകുന്നത്. പുല്ലിന്‍െറ ഭംഗി, പൂവിന്‍െറ ഭംഗി, ഉറുമ്പിന്‍െറ ഭംഗി ഇതെല്ലാം ആസ്വദിക്കാന്‍ പഠിപ്പിച്ചത് ആ ചിത്രങ്ങളും കഥകളുമാണ്. അക്കാലത്ത് വീട്ടില്‍ ആരു വന്നാലും ഇത് വായിച്ചുകേള്‍ക്കാന്‍ ഞാനവരുടെ പിറകെ നടക്കുമായിരുന്നു. എത്ര വായിച്ചുകേട്ടാലും മതിയാവില്ല. ആരെങ്കിലും തെറ്റിച്ചുവായിച്ചാല്‍ ഞാനത് തിരുത്തുകയും ചെയ്യും. കാരണം, എനിക്കത് മനഃപാഠമാണ്. മറ്റുള്ളവര്‍ക്ക് ഇതൊരു ശല്യമാകുന്നുവെന്ന് തോന്നിയ സന്ദര്‍ഭത്തില്‍ ഞാന്‍ അക്ഷരമാല പഠിച്ചു. സ്വയം വായിക്കാന്‍ തുടങ്ങി. ഇത്ര ചെറുപ്പത്തില്‍തന്നെ ഇതെല്ലാം വായിക്കുന്ന ഒരു കുട്ടി സ്വാഭാവികമായും ഈ സങ്കല്‍പങ്ങളെല്ലാം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കും. അതിന്‍െറ അനന്തരഫലമായിരിക്കണം എഴുത്തിനുള്ള പ്രേരണ. എഴുത്തുകാരിയായി അറിയപ്പെടണമെന്ന് അന്ന് ആഗ്രഹിച്ചിരുന്നു. എഴുത്തിന്‍െറ പ്രതിസന്ധികളോ നന്മതിന്മകളോ ഒന്നും അറിഞ്ഞിട്ടല്ല ഈ ആഗ്രഹമുണ്ടായത്. ഭാഷയിലും വാക്കുകളിലും ഒരാനന്ദം കണ്ടുപിടിച്ചു. എന്‍െറ എഴുത്തുജീവിതത്തിന്‍െറ ആനന്ദം ഇതാണെന്ന് തോന്നുന്നു. കഥകള്‍ വായിക്കുമ്പോള്‍ ആ കഥകള്‍തന്നെ വീണ്ടുംവീണ്ടും അഴിച്ചുപണിഞ്ഞ് ആ കഥാപാത്രം ഇങ്ങനെ പെരുമാറിയിരുന്നെങ്കില്‍ രസകരമായിരുന്നു എന്നൊക്കെ ചിന്തിച്ചിരുന്നു. ഒരുപക്ഷേ, എഴുത്തിനുള്ള ഒരു പരിശീലനമായിരുന്നു അത്.
- അച്ചടിച്ചുവന്ന ആദ്യകഥ ഏതാണ്?
lഎട്ടാം ക്ളാസിന്‍െറ അവസാനകാലത്താണ് അച്ചടിക്കപ്പെട്ട ആദ്യകഥ ഉണ്ടായിവന്നത്. അത് ആകസ്മികമായി സംഭവിച്ചതണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി എം.പി ആയിരുന്ന വി.പി. നായര്‍ എന്‍െറ അയല്‍ക്കാരനായിരുന്നു. ഞാനും അമ്മയും അനിയത്തിയും കൂടി ഒരിക്കല്‍ അദ്ദേഹത്തിന്‍െറ ഭാര്യ ലളിത പി. നായരുടെ അമ്മയെ കാണാന്‍ പോയി. ഞങ്ങളെ കണ്ടപ്പോള്‍ പേര് എന്താണെന്നല്ല, എത്രവരെ പഠിച്ചു എന്നാണ് ആ അമ്മൂമ്മ ചോദിച്ചത്. ആരെ കണ്ടാലും അവര്‍ ഈ ചോദ്യമാണ് ആവര്‍ത്തിച്ചത്. ആ അമ്മൂമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എം.എവരെ പഠിക്കണം എന്നതായിരുന്നു. അത് വല്യമ്മാവന്‍ സമ്മതിച്ചില്ല. അല്‍ഷൈമേഴ്സ് വന്ന് ഓര്‍മ നഷ്ടപ്പെട്ട ഒരവസ്ഥയിലും ഈ ആഗ്രഹം മാത്രമാണ് അവരെ അലട്ടുന്നത് എന്ന തിരിച്ചറിവില്‍ ‘ഒരു മോഹഭംഗത്തിന്‍െറ കഥ’ എന്ന പേരില്‍ ഞാനൊരു കഥയെഴുതി. ശാസ്താംകോട്ട ഡി.ബി കോളജിലെ പ്രിന്‍സിപ്പലായിരുന്ന പ്രഫ. എം.ആര്‍.ടി. നായര്‍ എഡിറ്റ് ചെയ്ത ഒരു സുവനീറിലാണ് ആ കഥ പ്രസിദ്ധീകരിച്ചത്. പക്ഷേ, ആദ്യത്തെ സൃഷ്ടി ഒരു യാത്രാവിവരണമാണ്. ആറാം ക്ളാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍നിന്ന് ഒരു വിനോദയാത്ര പോയി തിരിച്ചുവന്ന് വളരെ ആത്മാര്‍ഥമായി ഞാനൊരു വിവരണമെഴുതി. അതില്‍ ഒരു ‘കഥ’യുണ്ടായിരുന്നു. അതായത്, ഫിക്ഷന്‍ നല്‍കുന്ന വായനയുടെ ഒരനുഭവം. പില്‍ക്കാലത്ത് വളരെ പൊളിറ്റിക്കലായ റിപ്പോര്‍ട്ടുകളിലൊഴികെ എല്ലാ എഴുത്തുരൂപങ്ങളിലും ഈ വായനാനുഭവത്തെ ഞാനന്വേഷിച്ചിട്ടുണ്ട്.
- എഴുത്തിന്‍െറ വഴികളില്‍ നിര്‍ണായകമായ ഘട്ടമേതായിരുന്നു?
l1997ല്‍ ഞാന്‍ മകളെ ഗര്‍ഭം ധരിച്ചിരുന്ന സമയം. ശാരീരികാസ്വാസ്ഥ്യങ്ങള്‍മൂലം അവധിയെടുത്തു. അക്കാലത്താണ് വീണ്ടും വായനയിലേക്ക് കടക്കുന്നത്. രാമായണമെല്ലാം പൂര്‍ണമായി വായിച്ചത് അന്നാണ്. ഈ സമയം എഴുതാനും ഞാന്‍ ശ്രമിച്ചിരുന്നു. ‘അലിഫ് ലൈല’യുടെ പൂര്‍വരൂപം അന്നെഴുതിയതാണ്. അന്നെഴുതിയ കഥകള്‍ പലതും പ്രസിദ്ധീകരിച്ചില്ല. ഒരു നോട്ട്ബുക്കില്‍ വൃത്തികെട്ട കൈപ്പടയില്‍ അതങ്ങനെ കിടന്നു. രണ്ടായിരത്തിയൊന്നിലാണ് വീണ്ടും എഴുതാനുള്ള പ്രേരണയുണ്ടായത്. വാസ്തവത്തില്‍, ലളിത പി. നായരാണ് അതിന് കാരണമായത്. വളരെക്കാലത്തിനുശേഷം ഞങ്ങള്‍ തമ്മില്‍കണ്ടപ്പോള്‍ ലളിത പി. നായര്‍ എനിക്കൊരു നോട്ട്ബുക് നീട്ടി. ചെറുപ്പകാലത്തെഴുതിയ കവിതകളും കഥകളും. ആ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം അവയൊക്കെ പ്രസിദ്ധീകരിച്ചുകാണുകയായിരുന്നു. എനിക്കും വയസ്സാകുമ്പോള്‍ എഴുതാന്‍ സാധിച്ചില്ലല്ളോ എന്ന നിരാശയുണ്ടാവുമോ എന്ന സംശയം തോന്നി. അങ്ങനെയാണ് വീണ്ടും എഴുതിത്തുടങ്ങിയത്.
- ആദ്യകഥ പ്രസിദ്ധീകരിച്ചപ്പോഴാണോ എഴുത്തുകാരിയായി ജീവിക്കാന്‍ തീരുമാനിച്ചത്?
lപ്രസിദ്ധീകരിക്കണമെന്ന ഒരു തീരുമാനവും അന്നില്ല. പക്ഷേ, പരാജിതയായി പിന്‍വാങ്ങാന്‍ എനിക്ക് പ്രയാസമാണ്. കുറച്ചു കഥകളെഴുതി പരാജയപ്പെട്ട കഥാകാരിയാകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അങ്ങനെ വിലയിരുത്തപ്പെടാന്‍ ആഗ്രഹമില്ലാതിരുന്നതുകൊണ്ടാണ് വീണ്ടും എഴുതിയത്. എഴുതിത്തുടങ്ങിയപ്പോള്‍ എഴുതാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് മനസ്സിലായി. പത്രപ്രവര്‍ത്തക എന്ന നിലയിലുള്ള വ്യാമോഹങ്ങളെല്ലാം ഏതാണ്ട് അസ്തമിച്ചുതുടങ്ങിയ കാലംകൂടിയായിരുന്നു അത്. എഴുത്തിന്‍െറ ഒരു ഘട്ടത്തില്‍ എന്നെ വല്ലാതെ സന്തോഷിപ്പിച്ചതും അമ്പരപ്പിച്ചതുമായ കാര്യം വായനക്കാരുടെ പ്രതികരണമാണ്. പല സ്ഥലങ്ങളില്‍നിന്ന് ആളുകള്‍ എഴുതാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ഏതു നിമിഷത്തിലും എഴുത്തുനിര്‍ത്തി പത്രപ്രവര്‍ത്തനത്തിലേക്ക് മടങ്ങാന്‍ ഞാന്‍ സന്നദ്ധയായിരുന്നു. ഇപ്പോഴും എനിക്കേറ്റവും മിസ് ചെയ്യുന്നത് പത്രമോഫിസിലെ പ്രവര്‍ത്തനങ്ങള്‍, പീക്ടൈമിലെ ബഹളങ്ങള്‍, വാര്‍ത്തക്കുവേണ്ടി കാത്തിരിക്കുന്ന നിമിഷങ്ങള്‍, തലക്കെട്ടിടാന്‍ വേണ്ടിയുള്ള തലപുകയ്ക്കലുകള്‍ അതൊക്കെയാണ്. അത് വലിയ പ്രലോഭനങ്ങളാണ്. അതുപേക്ഷിച്ച് എഴുത്തിലേക്ക് വരുക എളുപ്പമായിരുന്നില്ല. പക്ഷേ, ഓരോ കഥ വരുമ്പോഴും ഇതാണ് മീരയുടെ നല്ലകഥ എന്നുപറഞ്ഞ് വായനക്കാര്‍ എന്നെ വഴിതെറ്റിച്ചു. ഈ പിന്തുണ ഇല്ലായിരുന്നുവെങ്കിലും ഞാന്‍ എഴുതുമായിരുന്നു. പക്ഷേ, പ്രസിദ്ധീകരിക്കുമായിരുന്നില്ല. ഇവരാണോ കഥയെക്കുറിച്ച് അഭിപ്രായം പറയേണ്ടവര്‍ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എന്‍െറ പരിശ്രമം വ്യര്‍ഥമല്ല എന്നു പറഞ്ഞ് എന്നെ നയിക്കുന്ന വായനക്കാരാണ് എന്‍െറ വഴികാട്ടികള്‍.
- വായനക്കാരുടെ ഈ വഴിതെറ്റിക്കല്‍ എത്രത്തോളം സാര്‍ഥകമായിരുന്നു?
l2002ലാണ് ‘ഓര്‍മയുടെ ഞരമ്പ്’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആ വര്‍ഷം അവസാനമായപ്പോഴേക്കും കഥയെഴുത്തിന്‍െറ ആനന്ദത്തിന് ഞാന്‍ അഡിക്ടായിത്തുടങ്ങി. പിന്നെ, ഒരു തിരിച്ചുപോക്ക് എളുപ്പമായിരുന്നില്ല. 2004ലാണ് ‘മോഹമഞ്ഞ’ ഇറങ്ങുന്നത്. പത്രപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജിലെ ഇല്ലായ്മകളെയും വല്ലായ്മകളെയും കുറിച്ച് ഒരു ഫീച്ചറെഴുതാന്‍ അവിടെ ചെന്നു. പകര്‍ച്ചവ്യാധിയുള്ളവരെ കിടത്തിയിരിക്കുന്ന വാര്‍ഡിനു മുന്നിലെത്തിയപ്പോള്‍ മുഴുവനും മഴകൊള്ളാതിരിക്കാന്‍ ഞാന്‍ ആ വാര്‍ഡിന്‍െറ വരാന്തയിലേക്ക് കയറിനിന്നു. അവിടെ ഒരു സ്ത്രീ നില്‍ക്കുന്നുണ്ടായിരുന്നു. ആ സമയം ഒരു പുരുഷനും അവിടേക്ക് ഓടിവന്നു. അവര്‍ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. കുറച്ചുസമയം കഴിഞ്ഞ് മെഡിക്കല്‍ കോളജിന്‍െറ ഉള്ളില്‍തന്നെയുള്ള ഒരു കോഫീഷോപ്പില്‍ ഞാന്‍ കയറി. അപ്പോള്‍ ആ സ്ത്രീയും പുരുഷനും വളരെ സൗഹാര്‍ദത്തോടെയിരുന്ന് സംസാരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇവര്‍ എങ്ങനെ പരിചയപ്പെട്ടു, ഇവര്‍ നേരത്തേ പരിചിതരായിരുന്നോ, എന്താണ് ഈ ബന്ധത്തിന്‍െറ പരിണാമം തുടങ്ങിയ അനേകം ചോദ്യങ്ങളില്‍നിന്നാണ് ‘മോഹമഞ്ഞ’ ഉണ്ടായത്. അതും മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് അച്ചടിച്ചത്. ‘മോഹമഞ്ഞ’ എന്ന കഥ തന്ന ആത്മവിശ്വാസം ചെറുതല്ല. പ്രഫ. എം. കൃഷ്ണന്‍നായരും കെ.പി. അപ്പനുമടക്കം അനേകം വായനക്കാര്‍ അതിനെ സ്വീകരിച്ചു. അതിനുശേഷമുള്ള ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും’ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
2005ലാണ് ‘ആവേ മരിയ’ എന്ന കഥ പ്രസിദ്ധീകരിക്കുന്നത്. ‘ആവേ മരിയ’ എഴുതിയപ്പോഴുള്ള സന്തോഷം എനിക്കുമുമ്പേ എഴുതി പേരെടുത്ത എഴുത്തുകാരികള്‍ കൈവെക്കാത്ത ഒരു മേഖലയിലേക്ക് ഞാന്‍ പോകുന്നു എന്നതായിരുന്നു. മാധവിക്കുട്ടിയെപോലെയോ സാറാ ടീച്ചറെപോലെയോ ഗ്രേസി ടീച്ചറെപോലെയോ ഞാന്‍ എഴുതിയിട്ട് ഒരു കാര്യവുമില്ല. എനിക്ക് എന്‍േറതായ ഒരിടം കണ്ടുപിടിച്ചേപറ്റൂ. അതുകൊണ്ട്, വ്യത്യസ്തതക്കുവേണ്ടിയുള്ള അന്വേഷണം എന്നുമുണ്ടായിരുന്നു. 2005 ആഗസ്റ്റോടെ ഞാന്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ മറ്റു പ്രസിദ്ധീകരണങ്ങളില്‍ കഥയും നോവലും എഴുതുന്നതിന് വിലക്കുവന്നു. പക്ഷേ, ഇതനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഞാനറിയിച്ചു. 2006ല്‍ ‘സോളോഗോയ്യ’ എന്ന ചെറുകഥക്കുശേഷം ‘നേത്രോന്മീലനം’ എന്ന ദീര്‍ഘനോവല്‍ എഴുതിത്തുടങ്ങി. അതിന്‍െറ പരസ്യം കലാകൗമുദിയില്‍ വന്നുതുടങ്ങിയപ്പോള്‍ നോവല്‍ പ്രസിദ്ധീകരിക്കരുതെന്ന് എനിക്ക് സ്ഥാപനത്തില്‍നിന്ന് നിര്‍ദേശം കിട്ടി. പക്ഷേ, നോവല്‍ കലാകൗമുദിയില്‍നിന്ന് പിന്‍വലിക്കുന്നത് സത്യസന്ധതയില്ലായ്മയായിരിക്കും എന്നെനിക്ക് തോന്നി. ജോലി ചെയ്തിരുന്നകാലം മുഴുവന്‍ ആ സ്ഥാപനത്തെ ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നു. പക്ഷേ, ഉപാധികളോടെ അവിടെ തുടരാന്‍ എന്‍െറ മനസ്സ് അനുവദിച്ചില്ല. അങ്ങനെ ഞാന്‍ രാജിവെച്ചു. പിന്നീടാണ് ‘മാലാഖയുടെ മറുകുകളും’ ‘മീരാ സാധു’വും ‘യൂദാസിന്‍െറ സുവിശേഷവും’ എഴുതിയത്. ‘യൂദാസിന്‍െറ സുവിശേഷ’ത്തിനുശേഷം എന്നെ സംബന്ധിച്ചിടത്തോളം ഒരു മേജര്‍ വര്‍ക്കാണ് ‘ആരാച്ചാര്‍’.
2005ലാണ് ‘ആവേ മരിയ’ എന്ന കഥ പ്രസിദ്ധീകരിക്കുന്നത്. ‘ആവേ മരിയ’ എഴുതിയപ്പോഴുള്ള സന്തോഷം എനിക്കുമുമ്പേ എഴുതി പേരെടുത്ത എഴുത്തുകാരികള്‍ കൈവെക്കാത്ത ഒരു മേഖലയിലേക്ക് ഞാന്‍ പോകുന്നു എന്നതായിരുന്നു. മാധവിക്കുട്ടിയെപോലെയോ സാറാ ടീച്ചറെപോലെയോ ഗ്രേസി ടീച്ചറെപോലെയോ ഞാന്‍ എഴുതിയിട്ട് ഒരു കാര്യവുമില്ല. എനിക്ക് എന്‍േറതായ ഒരിടം കണ്ടുപിടിച്ചേപറ്റൂ. അതുകൊണ്ട്, വ്യത്യസ്തതക്കുവേണ്ടിയുള്ള അന്വേഷണം എന്നുമുണ്ടായിരുന്നു. 2005 ആഗസ്റ്റോടെ ഞാന്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍ മറ്റു പ്രസിദ്ധീകരണങ്ങളില്‍ കഥയും നോവലും എഴുതുന്നതിന് വിലക്കുവന്നു. പക്ഷേ, ഇതനുസരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഞാനറിയിച്ചു. 2006ല്‍ ‘സോളോഗോയ്യ’ എന്ന ചെറുകഥക്കുശേഷം ‘നേത്രോന്മീലനം’ എന്ന ദീര്‍ഘനോവല്‍ എഴുതിത്തുടങ്ങി. അതിന്‍െറ പരസ്യം കലാകൗമുദിയില്‍ വന്നുതുടങ്ങിയപ്പോള്‍ നോവല്‍ പ്രസിദ്ധീകരിക്കരുതെന്ന് എനിക്ക് സ്ഥാപനത്തില്‍നിന്ന് നിര്‍ദേശം കിട്ടി. പക്ഷേ, നോവല്‍ കലാകൗമുദിയില്‍നിന്ന് പിന്‍വലിക്കുന്നത് സത്യസന്ധതയില്ലായ്മയായിരിക്കും എന്നെനിക്ക് തോന്നി. ജോലി ചെയ്തിരുന്നകാലം മുഴുവന്‍ ആ സ്ഥാപനത്തെ ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നു. പക്ഷേ, ഉപാധികളോടെ അവിടെ തുടരാന്‍ എന്‍െറ മനസ്സ് അനുവദിച്ചില്ല. അങ്ങനെ ഞാന്‍ രാജിവെച്ചു. പിന്നീടാണ് ‘മാലാഖയുടെ മറുകുകളും’ ‘മീരാ സാധു’വും ‘യൂദാസിന്‍െറ സുവിശേഷവും’ എഴുതിയത്. ‘യൂദാസിന്‍െറ സുവിശേഷ’ത്തിനുശേഷം എന്നെ സംബന്ധിച്ചിടത്തോളം ഒരു മേജര്‍ വര്‍ക്കാണ് ‘ആരാച്ചാര്‍’.
- ‘ആവേ മരിയ’ക്ക് അക്കാദമി അവാര്‍ഡ് ലഭിച്ചതിനുശേഷമുള്ള രചന എന്ന നിലയില്‍ ‘ആരാച്ചാര്‍’ തെരഞ്ഞെടുക്കാന്‍ എന്താണ് കാരണം?
lജോഷി ജോസഫ് എന്ന, അഞ്ചു തവണ ദേശീയ അവാര്‍ഡ് വാങ്ങിയ ഡോക്യുമെന്‍ററി സംവിധായകന്‍െറ ‘വണ്‍ ഡേ ഫ്രം എ ഹാങ്മാന്‍സ് ലൈഫ്’ എന്ന ഡോക്യുമെന്‍ററിയില്‍നിന്നാണ് ‘ആരാച്ചാരു’ടെ തുടക്കം. കൊല്‍ക്കത്തയില്‍ 2004ല്‍ ധനഞ്ജോയി ചാറ്റര്‍ജി എന്ന ആളെ തൂക്കിക്കൊന്നിരുന്നു. അന്ന് തൂക്കിക്കൊല നടത്തിയത് നാട്ടാമല്ലിക് എന്ന പ്രശസ്തനായ ആരാച്ചാരായിരുന്നു. തൂക്കിക്കൊലയുടെ തലേന്നുള്ള ആരാച്ചാരുടെ ജീവിതമാണ് ജോഷിയുടെ ഡോക്യുമെന്‍ററി. നാട്ടാമല്ലികിന്‍െറ വാക്കുകള്‍ എന്നെ വല്ലാതെ സ്വാധീനിച്ചു. വിദ്യാഭ്യാസംകൊണ്ടോ ജീവിതസാഹചര്യംകൊണ്ടോ ഒരിക്കലും ഒരാളെ വിലയിരുത്തരുതെന്നതിന്‍െറ ജീവിച്ചിരുന്ന ഉദാഹരണമായിരുന്നു അദ്ദേഹം. ആ മനുഷ്യന്‍െറ മുഖഭാവങ്ങളും ചലനങ്ങളും ഡയലോഗുകളുമെല്ലാം അദ്ഭുതകരമായിരുന്നു. ‘‘ഡയലോഗ് ശരിയല്ളേ’’ എന്നാണ് സംഭാഷണത്തിനിടയില്‍ അദ്ദേഹം റിപ്പോര്‍ട്ടറോട് ചോദിക്കുന്നത്. അതായത്, ഞാനൊരു വില്‍പനച്ചരക്കാണ്. നിങ്ങളെന്നെ മറിച്ചുവിറ്റ് ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന കൃത്യമായ ബോധത്തോടെയാണ് ടി.വി ചാനലുകാരോടും പത്രക്കാരോടും അദ്ദേഹം സംസാരിക്കുന്നത്. അതില്‍നിന്നാണ് ‘ആരാച്ചാര്‍’ എന്ന നോവലിന്‍െറ സ്പാര്‍ക്. ‘ആരാച്ചാര്‍’ എന്ന നോവല്‍ നാട്ടാമല്ലികിനെക്കുറിച്ചല്ല. നാട്ടാമല്ലിക് എന്ന വ്യക്തിയുടെ ജീവിതം ഞാനെടുത്തിട്ടേയില്ല. മറ്റൊരാളുടെ മരണംപോലും ഉപജീവനമായിത്തീരുന്ന ഒരവസ്ഥയിലേക്ക് നാം എത്തപ്പെടുന്നതെങ്ങനെ എന്ന അലട്ടലില്‍നിന്നാണ് എന്‍െറ നോവല്‍. ഒരര്‍ഥത്തില്‍ ‘ആവേ മരിയ’യിലും ‘ഗില്ലറ്റിനി’ലും ഒക്കെ ഞാന്‍ പറയാന്‍ ആഗ്രഹിച്ചതിന്‍െറ തുടര്‍ച്ചതന്നെയാണ് ‘ആരാച്ചാര്‍’.
- സ്വന്തം രചനകള്‍ ഭാഷയുടെ അതിരുകള്‍ ഭേദിക്കുന്നതിനെ എങ്ങനെ നോക്കിക്കാണുന്നു?
lകുറെക്കാലമായി മറ്റു ഭാഷകള്‍ എന്‍െറ കഥകള്‍ തേടിവരുന്ന ഒരനുഭവമുണ്ട്. ‘യെല്ളോ ഈസ് ദ കളര്‍ ഓഫ് ലോങ്ങിങ്’ എന്നാണ് പെന്‍ഗ്വിന്‍ ഇറക്കുന്ന പുസ്തകത്തിന്‍െറ പേര്. വാസ്തവത്തില്‍ ‘മോഹമഞ്ഞ’യുടെ ഇംഗ്ളീഷ് വിവര്‍ത്തനത്തെക്കുറിച്ച് എനിക്ക് ആശങ്കകളുണ്ടായിരുന്നു. എന്‍െറ ഭാഷയുടെ താളം ഉള്‍ക്കൊള്ളാതെ ആ കഥ പൂര്‍ണമാകില്ല എന്നു തോന്നിയിരുന്നു. പക്ഷേ, ഡോ. ജെ. ദേവികയുടെ വിവര്‍ത്തനം എന്നെ അദ്ഭുതപ്പെടുത്തി. അത്ര മനോഹരമായ വിവര്‍ത്തനം. ദേവികതന്നെയാണ് മുഴുവന്‍ കഥകളും ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. ഇന്ത്യയിലെയും ബംഗ്ളാദേശിലെയും പന്ത്രണ്ട് എഴുത്തുകാരെ തെരഞ്ഞെടുത്തു. പ്രശസ്ത കവിയായ നിയാസ് സമാന്‍ ‘മോഹമഞ്ഞ’യും തെരഞ്ഞെടുത്തു. ഡെയ്ലി സ്റ്റാര്‍ എന്ന ബംഗ്ളാദേശി പത്രം ആ കഥ പൂര്‍ണമായും പ്രസിദ്ധീകരിച്ചു. വേറൊരു രാജ്യത്തെ വായനക്കാര്‍പോലും കോട്ടയം മെഡിക്കല്‍ കോളജിലെ വരാന്തയില്‍നിന്ന് രൂപംകൊണ്ട ഒരു പ്രമേയത്തെ അംഗീകരിക്കുന്നുവെന്നത് വലിയ സന്തോഷംതന്നു. ലോകപ്രശസ്ത ഫെമിനിസ്റ്റ് ജേണലായ ഫെമിനിസ്റ്റ് റിവ്യൂ ദക്ഷിണേന്ത്യയിലെ സ്ത്രീജീവിതം ചിത്രീകരിക്കുന്ന മൂന്നു കഥകളില്‍ ഒന്നായി തെരഞ്ഞെടുത്തത് ‘മോഹമഞ്ഞ’യാണ്. ഇത് വലിയൊരു ബഹുമതിയാണ്. പെന്‍ഗ്വിന്‍െറതന്നെ ഫസ്റ്റ് പ്രൂഫിന്‍െറ അഞ്ചാം വാല്യത്തില്‍ ‘ആവേ മരിയ’ ഉണ്ട്. ‘ആവേ മരിയ’ക്ക് പ്രത്യേക ദേശവും ഭൂമിശാസ്ത്രവും ചരിത്രവും രാഷ്ട്രീയവുമുണ്ട്. എന്നിട്ടും ഈ കഥ ഇംഗ്ളീഷില്‍ സ്വീകരിക്കപ്പെട്ടു. അവാര്‍ഡുകളെക്കാള്‍ വലിയ അംഗീകാരമാണിത്. ഈ സാഹചര്യത്തില്‍ ‘ആരാച്ചാര്‍’ എഴുതുമ്പോള്‍ ഉത്കണ്ഠയുമുണ്ട്.
- മീരയുടെ പത്രറിപ്പോര്‍ട്ടുകളിലും കഥകളിലും നോവലുകളിലുമെല്ലാം പൊതുവായി കാണുന്ന ഒരു ഘടകം ‘Empathy’ ആണ്. തീക്ഷ്ണമായ തന്മയീഭാവം. കമ്യൂണിക്കേഷനെക്കുറിച്ചുള്ള സങ്കല്‍പമെന്താണ്?
lഒരു പാത്രത്തിലെ വെള്ളം മറ്റൊരു പാത്രത്തിലേക്ക് പകരുമ്പോള്‍ അത് പൂര്‍ണമായി പകരുക എന്നതാണ് കമ്യൂണിക്കേഷനെക്കുറിച്ചുള്ള എന്‍െറ സങ്കല്‍പം. അതെപ്പോഴും സംഭവിക്കണമെന്നില്ല. പത്രറിപ്പോര്‍ട്ടെഴുതുന്ന ഞാനല്ല കഥ എഴുതുന്നത്. ആ ഞാനല്ല നോവലെഴുതുന്നത്. പകര്‍ന്നുകൊടുക്കുക എന്നത് ഒരു കലയാണ്. അതില്‍ ഒരു ശാസ്ത്രവുമുണ്ട്. പക്ഷേ, അതില്‍ പൂര്‍ണത കൈവരിക്കുക എന്നത് എല്ലാവരുടെയും സ്വപ്നം മാത്രമാണ്. ഞാനായി മാറാന്‍ സാധിക്കാത്ത ഒരു കഥാപാത്രത്തെക്കുറിച്ച് എനിക്കെഴുതാന്‍ സാധിക്കാറില്ല. എന്‍െറ കഥകളെല്ലാം എന്‍െറ അനുഭവങ്ങളല്ല. പക്ഷേ, ആ അനുഭവങ്ങള്‍ സങ്കല്‍പത്തിലെങ്കിലും എന്‍േറതാക്കാന്‍ പറ്റുമെങ്കില്‍ മാത്രമേ ഞാനെഴുതാറുള്ളൂ. അത്തരം ഒരു ആള്‍മാറാട്ടം കഥയെഴുതുമ്പോള്‍ നടക്കുന്നുണ്ട്. എന്‍െറ മനസ്സിലുള്ളത് പൂര്‍ണമായും അക്ഷരങ്ങളിലൂടെ മറ്റൊരാള്‍ക്ക് കൈമാറുന്ന ഒരു പ്രക്രിയ എത്ര മികവോടെ ചെയ്യാം എന്ന അന്വേഷണമാണ് എപ്പോഴും നടക്കുന്നത്.
- ഭാഷയിലും ഇത്തരം സ്വാംശീകരണങ്ങള്‍ നടക്കുന്നുണ്ടോ?
lഎഴുതുമ്പോള്‍ അതായി മാറിയാണ് ഞാന്‍ ജീവിക്കുന്നത്. അതാണ് എഴുത്തിന്‍െറ ആഹ്ളാദം. എപ്പോഴും വ്യത്യസ്തത അന്വേഷിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ എഴുതുമ്പോഴും മറ്റൊരാള്‍ പറയാത്തരീതിയില്‍ പറയണമെന്ന് വലിയ നിര്‍ബന്ധമുണ്ടായിരുന്നു. അത് ഒരുപക്ഷേ, എന്‍െറ ഈഗോയുടെ ഭാഗമായിരിക്കാം. ഞാനെഴുതാത്തതും ഞാനെഴുതുമെന്ന് വായനക്കാര്‍ പ്രതീക്ഷിക്കാത്തതുമായ കഥകള്‍ എഴുതാനാണ് എപ്പോഴും ആഗ്രഹം. ചരിത്രത്തില്‍ സ്ഥാനംപിടിക്കുക എന്ന ലക്ഷ്യത്തോടെയല്ല. ഒരു മനുഷ്യജീവിയെന്ന നിലയില്‍ അസ്തിത്വത്തിന്‍െറ അര്‍ഥം അതിലാണെന്ന് ഞാന്‍ വിചാരിക്കുന്നു. പത്രമോഫിസിലെ ഏറ്റവും വിരസമായ ജോലികള്‍ ചെയ്യുമ്പോള്‍പോലും എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലും ഞാന്‍ കണ്ടെത്തിയിരുന്നു. അതായിരിക്കും അതിലെ പുതുമ. ഓരോന്നും എഴുതുമ്പോള്‍ ഞാനതായി മാറുന്നതിന് കാരണം ഓരോന്നും വായിക്കുമ്പോള്‍ ഞാനതായി മാറുന്നതായിരിക്കാം. വായിക്കുന്നതെന്തില്‍നിന്നും -അത് റിപ്പോര്‍ട്ടുകളാകാം കാര്‍ട്ടൂണുകളാകാം ചില പ്രയോഗങ്ങളാകാം-ഒരു സ്പാര്‍ക് കണ്ടെത്താനുള്ള എളിമ വായനക്കാരി എന്ന നിലയില്‍ എനിക്കെപ്പോഴുമുണ്ടായിട്ടുണ്ട്.
- വിവിധ മേഖലകള്‍ കൈകാര്യം ചെയ്യുന്നതുമൂലം ഭാഷയില്‍ സത്യസന്ധത നിലനിര്‍ത്തുന്നില്ല എന്ന വിമര്‍ശത്തോട് എങ്ങനെ പ്രതികരിക്കുന്നു?
l തമാശപറയുന്ന ഒരു ഭാഷയുണ്ട്. അതല്ല പ്രഭാഷണം നടത്തുമ്പോള്‍ ഉപയോഗിക്കുന്നത്. ഭാഷയില്‍ ഒരിക്കലും ബോധപൂര്‍വമായ ഇടപെടലുകള്‍ നടത്തേണ്ടിവന്നിട്ടില്ല. തീമിനൊത്ത് ഉണ്ടായിവരുന്നതാണ് ഭാഷ. അത് തേച്ചുമിനുക്കിയെടുക്കുന്നതാണ് എഡിറ്റിങ്. ആരാണ് വായിക്കുന്നതെന്ന കാര്യം എന്നെ സ്വാധീനിക്കാറുണ്ട്. പത്രപ്രവര്‍ത്തനത്തില്‍നിന്ന് കിട്ടിയ ഒരു പരിശീലനമാണ് അത്. എന്തെഴുതുമ്പോഴും ഞാനായിത്തന്നെ നിലനില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ, സത്യസന്ധതയുടെ പ്രശ്നം ഉദിക്കുന്നില്ല. അതില്‍ കാപട്യമൊന്നുമില്ല. കാരണം, കാപട്യം കാണിക്കാന്‍ ഒരുപാട് എനര്‍ജി ആവശ്യമുണ്ട്. അത്രയും എനര്‍ജി എനിക്കില്ല. നമ്മെ ആനന്ദിപ്പിക്കുന്ന കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ അതില്‍നിന്ന് കിട്ടുന്ന സന്തോഷമാണ് ജീവിതത്തിന്‍െറ മുഴുവന്‍ രഹസ്യം. അതുണ്ടാവണമെങ്കില്‍ നമ്മള്‍ നമ്മളോട് കാപട്യം കാണിക്കാതിരിക്കണം. പത്രപ്രവര്‍ത്തനത്തില്‍നിന്ന് ആദ്യം പഠിക്കുന്ന പാഠം ഒരു കോളജ് പ്രഫസര്‍ക്കും നാലാം ക്ളാസുകാരനും ഒരുപോലെ മനസ്സിലാകുന്ന ഭാഷ പ്രയോഗിക്കുക എന്നതാണ്. ചിലപ്പോള്‍ ഒരേ സങ്കല്‍പങ്ങളില്‍ എന്നും നിലനില്‍ക്കുക സാധ്യമല്ലാതാകും. ഞാന്‍ ഓരോ മണിക്കൂറിലും ഓരോ ദിവസത്തിലും ഓരോ ആളാണ്. സവിശേഷ സാഹചര്യത്തില്‍ ഞാനെന്തായിരിക്കുന്നുവോ അതനുസരിച്ചാണ് ഭാഷയും മനോഭാവവും വിഷയവും രൂപപ്പെടുന്നത്. എഴുത്തുകാരന്‍/എഴുത്തുകാരി എന്ന വ്യക്തി തൊണ്ണൂറ്റിയൊമ്പത് ശതമാനം മാറുമ്പോഴും ഒരു ശതമാനം മാറാതെ നില്‍ക്കും. ആ ആളെയാണ് ‘ഞാന്‍’ എന്നു വിളിക്കുന്നത്.
- വിരുദ്ധമായ മനോഭാവങ്ങളുള്ള കഥകള്‍ എഴുതാനുള്ള കാരണമെന്താണ്?
എന്‍െറ അശാന്തികളും എന്‍െറ അസംതൃപ്തികളും നിലാവുതെളിയുന്നതും മറയുന്നതുമായ അവസ്ഥകളും അതിന്‍െറ വേദനകളുമൊക്കെ എന്‍െറ വ്യക്തിത്വത്തിന്‍െറ അവിഭാജ്യതയാണ്. ഒരേസമയം നര്‍മവും ദുരന്തവും നിറഞ്ഞ കഥകള്‍ എഴുതുന്നതിനെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. ചിലപ്പോള്‍ എത്ര രസകരമായി എഴുതിത്തുടങ്ങിയാലും ദുരന്തപര്യവസായിയായി പോകുന്നതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അത് വളരെ കൃത്രിമമാകും.
- തിരിച്ചറിയപ്പെടാതെപോകുന്ന അനുരാഗങ്ങള്‍ പലപ്പോഴും പ്രതികാരത്തിന്‍െറ മുഖമണിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ കഥകളിലും നോവലുകളിലുമുണ്ട്. നിശ്ശബ്ദമായ പ്രതികാരം. പ്രണയത്തെക്കുറിച്ചുള്ള സങ്കല്‍പമെന്താണ്?
l കഥകളിലും നോവലുകളിലും പ്രതിഫലിക്കുന്നതുതന്നെയാണ് എന്‍െറ പ്രണയം. പ്രണയത്തിന് കൃത്യമായ നിര്‍വചനം കൊടുക്കാന്‍ എനിക്ക് കഴിയില്ല. ഓരോ ഘട്ടത്തിലും ഞാനനുഭവിച്ചറിയുന്ന, മനസ്സില്‍ തോന്നുന്ന വെളിപാടുകള്‍ മാത്രമാണ് എന്‍െറ കഥകളില്‍ വരുന്നത്. ഒരു കഥയെഴുതുമ്പോള്‍ ആ കഥയിലെ കഥാപാത്രത്തെപ്പോലെ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഞാന്‍ ശ്രമിക്കാറുണ്ട്. എഴുതുമ്പോള്‍ അതെല്ലാം സത്യസന്ധമാണ്. പക്ഷേ, ആ സങ്കല്‍പം അടുത്ത കഥയില്‍ മാറിക്കൂടെന്നില്ല. വ്യക്തിപരമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകത്തെയാണ് പ്രണയമെന്ന് വിളിക്കുന്നത്. കോസ്മിക് എനര്‍ജിയുടെ കണങ്ങളാണ് നമ്മളെങ്കില്‍ എന്നെ പൂര്‍ണയാക്കുന്ന മറ്റൊരു കണത്തിനുവേണ്ടിയുള്ള അന്വേഷണമാണ് പ്രണയം. സ്ത്രീക്കും പുരുഷനുമിടയില്‍ മാത്രമല്ല ഇത് സംഭവിക്കുന്നത്. നിങ്ങളില്‍ നിറവുണ്ടാക്കുന്ന ഏതോ ഒരു വികാരത്തെയാണ് നിങ്ങള്‍ പ്രണയമെന്ന് വിളിക്കേണ്ടത്. ആ നിറവ് ഉണ്ടാകുന്നുവെന്ന് തോന്നുന്ന നിമിഷം നിങ്ങള്‍ അസംതൃപ്തരാകും. സ്നേഹത്തിന്‍െറ വേറൊരു തലത്തിലുള്ള വ്യാഖ്യാനം മാത്രമാണ് പ്രണയം. എല്ലാ പ്രണയങ്ങളിലും രണ്ടില്‍ ഒരാള്‍ സ്വയം ബലിയര്‍പ്പിച്ചേ പറ്റൂ. രണ്ടിലൊരാളുടെ രക്തംകൊണ്ടു മാത്രമേ ഓരോ പ്രണയത്തിന്‍െറയും ബലികുടീരം ഉറപ്പിക്കാന്‍ സാധിക്കൂ. പ്രകൃതിയില്‍ ഓരോ ഇലയും അനുഭവിക്കുന്ന വികാരമാണിത്. നമ്മളെല്ലാവരും ഓരോ നിറങ്ങള്‍ കാണുന്നു. ആ നിറങ്ങളാണ് യാഥാര്‍ഥ്യമെന്ന് വിശ്വസിക്കുന്നു. ഒരു വ്യക്തിയുടെ റെറ്റിന വെളിച്ചത്തെ സിന്തസൈസ് ചെയ്യുന്നതെങ്ങനെ എന്നതനുസരിച്ചാണ് നിറങ്ങള്‍ എന്തായി കാണുന്നൂവെന്ന് നിശ്ചയിക്കപ്പെടുന്നത്. ആപേക്ഷികമായ കാഴ്ചകള്‍ പ്രണയത്തിലുണ്ട്. ഇലകള്‍ക്കുള്ളിലെ പ്രണയത്തെയായിരിക്കാം നാം ഫോട്ടോ സിന്തസൈസ് എന്നു വിളിക്കുന്നത്. അത് ഊര്‍ജം സംഭരിക്കുന്നു.
No comments:
Post a Comment